കുറ്റിപ്പുറം: കടബാധ്യതയുള്ളവരെ സഹായിക്കുമെന്ന വാഗ്ദാനം നല്‍കി ആളുകളില്‍നിന്ന് പണം തട്ടിയയാളെ പോലീസ് അറസ്റ്റുചെയ്തു. 'സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി'യുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയും നിലമ്പൂര്‍ മുക്കുട്ടയിലെ താമസക്കാരനുമായ മുഹമ്മദ് റിയാസി(49)നെയാണ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയില്‍ അറസ്റ്റുചെയ്തത്.

മഞ്ചേരി പന്തല്ലൂര്‍ സ്വദേശി അബ്ദുല്‍നാസറിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് റിയാസ് 1,62,000 രൂപ കൈക്കലാക്കി വഞ്ചിച്ചു എന്നാണ് പരാതി.

കടബാധ്യതകളുള്ളവരെ സഹായിക്കുമെന്നു വിശ്വസിപ്പിച്ച് 1000 രൂപ ഫീ ഈടാക്കി സൊസൈറ്റിയില്‍ അംഗത്വം നല്‍കും. ഇവരെ പിന്നീടു സൊസൈറ്റിയുടെ പ്രചാരകരാക്കും. സാമ്പത്തികശേഷിയുള്ളവരെ പരിചയപ്പെടുത്തിക്കൊടുക്കുകയും പണം വാങ്ങിക്കൊടുക്കുകയുമാണു ഇവരുടെ ചുമതല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് രേഖയില്ലാതെ ഇയാള്‍ പണം പിരിച്ചെടുത്തതായും പോലീസ് പറഞ്ഞു.

ആഴ്ചയില്‍ 10,000 രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. ചങ്ങനാശ്ശേരിയില്‍ തുടങ്ങിയ സൊസൈറ്റി പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പുതിയ ഓഫീസ് തുടങ്ങി. തുടര്‍ന്ന് നിലമ്പൂര്‍, മണ്ണാര്‍ക്കാട്, ആലപ്പുഴ തുടങ്ങിയിടങ്ങളിലും ഓഫീസുകള്‍ ആരംഭിച്ചു.

സൊസൈറ്റിയില്‍ചേര്‍ന്ന് പിരിവിനിറങ്ങിയ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചികിത്സാച്ചെലവിന് ചെറിയ തുകപോലും കിട്ടാതെയായപ്പോള്‍ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിക്കു വഴങ്ങാത്തവരേയും കടംവീട്ടാന്‍ പണം ആവശ്യപ്പെട്ടവരേയും സൊസൈറ്റിയില്‍നിന്ന് പുറത്താക്കി. ഇയാള്‍ക്കെതിരേ ഒട്ടേറേ പുതിയ പരാതികള്‍ കുറ്റിപ്പുറം പോലീസിലുണ്ട്.