കാസര്‍കോട്: പഴയ ചൂരി മൊഹിയുദ്ധീന്‍ ജുമാമസ്ജിദ് പള്ളിമുറിയില്‍ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ അറസ്റ്റിലായി 88ാം ദിവസം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. ഡോ. എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം നല്‍കിയത്. കുത്താനുപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ച ബൈക്കുമടക്കം അന്‍പതോളം തൊണ്ടിമുതലുകളെക്കുറിച്ചുള്ള വിവരവും 137 സാക്ഷികളുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. 

റിമാന്‍ഡിലുള്ള കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), മാത്തെയിലെ നിതിന്‍(19), കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവര്‍ മാത്രമാണ് കേസില്‍ ഉള്‍പ്പെട്ടതെന്നും മറ്റാരും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. മാര്‍ച്ച് 20ന് രാത്രി 11.45ഓടെയായിരുന്നു കൊലപാതകം. മൂന്നാംപ്രതി അഖിലിന്റെ ബൈക്കിലാണ് മൂന്നുപ്രതികളും വന്നത്. 

ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസിനെ ഒന്നാംപ്രതി അജേഷാണ് കുത്തിയത്. രണ്ടാംപ്രതി മുറ്റത്ത് പതിനഞ്ചോളം മീറ്റര്‍ അകലെയാണ് നിന്നത്. അഖില്‍ ബൈക്കുമായി കോമ്പൗണ്ടിന് പുറത്തും. അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഖത്തീബ് അബ്ദുള്‍ അസീസ് വഹാബി ശബ്ദം കേട്ട് മുറിതുറന്നപ്പോള്‍ നിതിന്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഭയന്ന് അകത്തു തിരിച്ചുകയറി. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൂന്നുപേരും അഖിലിന്റെ ബൈക്കില്‍ കേളുഗുഡെയിലേക്ക് പോയി. അവിടെ ഷെഡില്‍ക്കഴിഞ്ഞ ഇവരെ രണ്ടുദിവസത്തിനകം പിടികൂടാനായി. 

നിരവധി ശാസ്ത്രീയതെളിവുകള്‍ അടങ്ങുന്നതാണ് കുറ്റപത്രം. ഏറ്റവും പ്രധാനം ഡി.എന്‍.എ. പരിശോധനാഫലമാണ്. റിയാസിനെ കുത്തിയ അജേഷിന്റെ വസ്ത്രത്തില്‍ വീണ ചോരപ്പാടില്‍നിന്ന് കിട്ടിയ ഡി.എന്‍.എ.യും റിയാസിന്റെ ഡി.എന്‍.എ.യും ഒന്നാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കത്തിയിലെ ചോരക്കറ പരിശോധനയില്‍ കിട്ടിയതും ഇതേ ഡി.എന്‍.എ.യാണ്. കത്തിയുടെ അറ്റത്ത് സൂക്ഷ്മപരിശോധനയില്‍ മാത്രം കണ്ടെത്താവുന്ന ചില നാരുകളുണ്ടായിരുന്നു. ഇതും റിയാസിന്റെ ലുങ്കിയിലെ നാരും ഒന്നാണെന്നും പരിശോധനയില്‍ തെളിഞ്ഞു. 

മറ്റൊരു അപ്രതീക്ഷിത തെളിവ് കിട്ടിയത് രണ്ടാംപ്രതിയുടെ മൊബൈലില്‍നിന്നാണ്. ഒന്നും രണ്ടും പ്രതികള്‍ മാര്‍ച്ച് 18ന് അര്‍ധരാത്രി മോഷ്ടിച്ച ബൈക്കില്‍ ചൂരിയില്‍ കായികമത്സരം നടക്കുന്ന സ്ഥലത്തു പോയി വഴക്കുണ്ടാക്കിയിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ഇവരെ കല്ലെറിഞ്ഞോടിച്ചു. ബൈക്കുമായി അതിവേഗം പോയ പ്രതികള്‍ അപകടത്തില്‍പ്പെട്ടു. രണ്ടാംപ്രതിയുടെ നെറ്റിമുറിഞ്ഞ് ചോര വന്നു. ഇത് ഇയാള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രവും ഇത് പകര്‍ത്തിയ സമയവും ഫൊറന്‍സിക് ലാബില്‍ കണ്ടെത്താനായി. 

ഈ വഴക്കും പരിക്കും തങ്ങളുടെ മനസ്സില്‍ പകയുണ്ടാക്കിയെന്ന് പ്രതികള്‍ നേരത്തേ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന് തെളിവായി ഈ മൊബൈല്‍ ചിത്രം. 19ന് പുലര്‍ച്ചെയാണ് ചിത്രം എടുത്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മേയ് 16ന് നിയമസഭാ തിരഞ്ഞെടുപ്പുദിനത്തില്‍ മേപ്പുഗിരി ബൂത്തില്‍ ഉണ്ടായ തര്‍ക്കവും പിറ്റേമാസം ചൂരിയിലുണ്ടായ വാക്കുതര്‍ക്കവും പ്രതികള്‍ക്ക് ഒരു വിഭാഗത്തോട് ദേഷ്യമുണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നേരത്തേ നടന്ന തിരിച്ചറിയല്‍ പരേഡില്‍ രണ്ടാംപ്രതി നിതിനെ അബ്ദുള്‍ അസീസ് വഹാബി തിരിച്ചറിഞ്ഞിരുന്നു. കല്ലെറിയുന്ന പ്രതിയെ മുറ്റത്തെ വൈദ്യുതിവെളിച്ചത്തില്‍ കണ്ടുവെന്നാണ് ഖത്തീബിന്റെ മൊഴി. ഈ സമയം കോമ്പൗണ്ടില്‍ വൈദ്യുതി മുടങ്ങിയിരുന്നില്ലെന്ന വൈദ്യുതി ബോര്‍ഡ് അധികൃതരുടെ സാക്ഷ്യപത്രവും കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ അനുമതി വേഗം ലഭിച്ചതിനാലാണ് കാലതാമസമുണ്ടാകാതെ കുറ്റപത്രം നല്‍കാനായത്.