തിരുവനന്തപുരം: കുറ്റപത്രം നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കൊട്ടാരക്കര പോലീസ് എ.എസ്.ഐ. രമണന്‍ കുറ്റക്കാരനെന്ന് കോടതി. പ്രത്യേക വിജിലന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.

വാഹനാപകടക്കേസില്‍ കുറ്റപത്രം നല്‍കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കേസ് എടുക്കുന്നതിനും കൃത്യസ്ഥല മഹസ്സര്‍ തയ്യാറാക്കാനും രണ്ടുതവണ കൈക്കൂലി വാങ്ങിയതായും പരാതിയുണ്ട്. വാഹനാപകടത്തിന് ഇരയായവരോട് കേസിന്റെ തുടര്‍നടപടിയായ കുറ്റപത്രം കോടതിയില്‍ നല്‍കാന്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു.

money2010 ജൂലായ് 17ന് കൊട്ടാരക്കര അമ്പലത്തുംകാലയില്‍വെച്ച് ഷാഹിദബീവിക്ക് കാറിടിച്ച് പരിക്കേറ്റിരുന്നു. എ.എസ്.ഐ. ആവശ്യപ്പെട്ട തുക രണ്ടുതവണയും ഷാഹിദയുടെ ഭര്‍ത്താവ് ഹുമയൂണ്‍ കബീര്‍ നല്‍കി. മൂന്നാംതവണയും രമണന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇദ്ദേഹം വിജിലന്‍സ് അധികൃതരെ വിവരം അറിയിച്ചു.

വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ട് ഹുമയൂണ്‍ എ.എസ്.ഐ.ക്ക് നല്‍കി. ഹുമയൂണിന്റെ വീട്ടില്‍ കൈക്കൂലി വാങ്ങാനെത്തിയ രമണനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രമണനെ ജില്ലാ ജയിലിലേക്ക് മാറ്റി. 18ന് കോടതി ശിക്ഷ വിധിക്കും.