ആലുവ: സമൂഹ മാധ്യമങ്ങളിലൂടെ യുവതിയുടെ പേരില്‍ അശ്ലീല സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മണീട് നെച്ചൂര്‍ സ്വദേശി അഡ്വ. ജോബിന്‍ പോളിനെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

Facebook2014 ഒക്ടോബറിലാണ് സംഭവം. എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാന്‍ പോലീസ് തയ്യാറായത്. എറണാകുളത്ത് ആശുപത്രിയില്‍ ഡോക്ടറായ യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ജി മെയില്‍ മെസഞ്ചറില്‍ നിന്നുമാണ് പലര്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. 

യുവതിയുടെ ഫേസ്ബുക്കിന്റെയും മെസഞ്ചറിന്റെയും രഹസ്യ കോഡ് ചോര്‍ത്തിയാണ് അക്കൗണ്ടില്‍ കയറിയത്. ബന്ധുവിനും അശ്ലീല സന്ദേശം ലഭിച്ചതോടെ വിവരം യുവതി അറിയുകയായിരുന്നു. തുടര്‍ന്ന് യുവതി പിറവം പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് ഐ.പി. അഡ്രസുകളില്‍ നിന്നാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചതെന്ന് കണ്ടെത്തി. 

പോലീസ് നടപടി വൈകിയതോടെ 2016 ജൂലായ് എട്ടിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന് യുവതി ഹര്‍ജി നല്‍കുകയായിരുന്നു. കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം റൂറല്‍ എസ്.പി. ആവശ്യപ്പെട്ടതനുസരിച്ചാണ് കുറ്റപ്പത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അശ്ലീല സന്ദേശം അയച്ചതിന്റെ തെളിവുകളും യുവതി കമ്മിഷന്‍ മുമ്പാകെ നേരത്തെ ഹാജരാക്കിയിരുന്നു.