ഗുവാഹട്ടി: സഹപ്രവർത്തകയുടെ മകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അസമിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം. തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അസം പോലീസിന്റെ സിഐഡി വിഭാഗം കുറ്റപത്രം സമർപ്പിച്ചു. അതേസമയം, കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

കർബി അങ്ലോങ് പോലീസ് സൂപ്രണ്ടായിരുന്ന ഗൗരവ് ഉപാധ്യായ്ക്കെതിരേയാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥയും മകളും പരാതി നൽകിയിരുന്നത്. മകന്റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ച ഉപാധ്യായ് 14-കാരിയായ തന്റെ മകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. 2019 ഡിസംബറിലായിരുന്നു സംഭവം. അതിക്രമത്തിന് പിന്നാലെ ഉപാധ്യായ് പോലീസ് ഉദ്യോഗസ്ഥയോട് മാപ്പ് പറഞ്ഞെങ്കിലും ഇവർ ഗുവാഹട്ടിയിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഉപാധ്യായുടെ മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായാണ് പോലീസ് ഉദ്യോഗസ്ഥയും 14 വയസ്സുള്ള മകളും 9 വയസ്സുള്ള മകനും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ആഘോഷങ്ങൾക്ക് ശേഷം ഉപാധ്യായ് സഹപ്രവർത്തകയെയും മക്കളെയും തന്റെ ഓഫീസ് മുറി കാണിക്കാൻ കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ച് പോലീസ് ഉദ്യോഗസ്ഥ ശൗചാലയത്തിൽ പോയപ്പോൾ ഉപാധ്യായ് 14-കാരിയെ ബലമായി ചുംബിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമം. ശേഷം പോലീസ് ഉദ്യോഗസ്ഥയെയും മക്കളെയും ഉപാധ്യായ് നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടൽമുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഉപാധ്യായ് പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ മോശമായരീതിയിൽ സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം കുട്ടിയുടെ അമ്മയും സഹോദരനും തൊട്ടടുത്ത മുറിയിലായിരുന്നു. അതിക്രമം തുടർന്നതോടെ പെൺകുട്ടി കിടപ്പുമുറിയിൽ കയറി വാതിലടച്ചു. പിറ്റേദിവസം പെൺകുട്ടി അമ്മയോട് ഇക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥ ഉപാധ്യായോട് വിവരം തിരക്കിയപ്പോൾ ഇയാൾ മാപ്പ് പറയുകയായിരുന്നു. ഇതിനുശേഷമാണ് പോലീസ് ഉദ്യോഗസ്ഥയും മകളും പോലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ അസം പോലീസിന്റെ സി.ഐ.ഡി. വിഭാഗം വിശദമായ അന്വേഷണമാണ് നടത്തിയത്. ലൈംഗികാതിക്രമത്തെ തുടർന്ന് പെൺകുട്ടിയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. മാനസികാരോഗ്യ വിദഗ്ധന്റെ കൗൺസിലിങ്ങിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇതെല്ലാം ഉൾക്കൊള്ളിച്ച് തെളിവുകൾ സഹിതമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞമാർച്ചിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇതിലെ വിശദാംശങ്ങൾ പുറത്തുവന്നത്.

അതേസമയം, കുറ്റാരോപിതനായ ഗൗരവ് ഉപാധ്യായ് സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഉത്തർപ്രദേശ് സ്വദേശിയായ ഉപാധ്യായ് 2012 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ചിരാങ്ങിലേക്ക് സ്ഥലംമാറ്റിയത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

Content Highlights:charge sheet against ips officer in assam in sexual molestation case