ആലുവ: നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോടനാട് നെടുവേലിക്കുടി സുനില്‍ കുമാറാണ് (പള്‍സര്‍ സുനി) ഒന്നാം പ്രതി. ഏഴു പ്രതികളാണുള്ളത്. ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് മറ്റു പ്രതികള്‍. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

rapeഫെബ്രുവരി 17നാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ നെടുമ്പാശ്ശേരി പറമ്പയം ഭാഗത്തു വച്ച്, മറ്റൊരു വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. നടിയുടെ കാറില്‍, പിന്നാലെയെത്തിയ കാറ്ററിങ് വാന്‍ ഇടിപ്പിച്ചു. നടിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ വാനിലുള്ളവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടെ നടിയുടെ കാറിലേക്ക് മറ്റ് പ്രതികള്‍ കയറുകയും ചെയ്തു. 

ഇടയ്ക്ക് കാര്‍ നിര്‍ത്തി വാനിലുള്ളവര്‍ മാറിക്കയറി. ഇക്കൂട്ടത്തില്‍, പ്രധാന പ്രതിയായ സുനിയും കാറില്‍ കയറുകയും നടിയെ ഉപദ്രവിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 

നടിയെ അപമാനിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കേസിലെ പ്രധാന തെളിവാണിത്. എന്നാല്‍ ഇത് കേസിനെ ബാധിക്കില്ലെന്ന്, കുറ്റപത്രം സമര്‍പ്പിച്ച ആലുവ ഡിവൈ.എസ്.പി. കെ.ജി. ബാബുകുമാര്‍ പറഞ്ഞു. 

നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് സുനി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് അഭിഭാഷകനു നല്‍കിയെന്നും പറഞ്ഞു. അഭിഭാഷകനെ രണ്ടു തവണ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. 

നിയമപ്രകാരം 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കാനാണ് സംഭവം നടന്ന് 60 ദിവസത്തിനു ശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കാലാവധി ഏപ്രില്‍ 20 ന് അവസാനിക്കും. ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യേണ്ടി വരും. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധ്യത കുറവാണ്. 

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. നേരിട്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

കോടതി സമയം കഴിഞ്ഞിരുന്നതിനാല്‍ മജിസ്‌ട്രേറ്റ് ഉണ്ടായിരുന്നില്ല. ഗതാഗത കുരുക്കു മൂലം കോടതിയിലെത്താന്‍ അഞ്ചു മണി കഴിയുമെന്ന് ഡിവൈ.എസ്.പി. ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഡിവൈ.എസ്.പി.ക്കായി കാത്തു നില്‍ക്കുകയായിരുന്നു.