ചാലിശ്ശേരി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ഭീഷണിയെത്തുടർന്ന് പതിനാറുകാരി ജീവനൊടുക്കിയ കേസിൽ പ്രതിയെ സഹായിച്ചവർക്കെതിരെ പോലീസ് കേസെടുക്കും. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഞായറാഴ്ചയാണ് എറണാങ്കുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറിനെ (45) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

അന്വേഷണഭാഗമായി എറണാങ്കുളം കളമശ്ശേരിയിലുള്ള പ്രതിയുടെവീട്ടിൽ പോലീസ് പരിശോധന നടത്തും. കൂടാതെ കേസിൽ പ്രതിയെ സഹായിച്ചവർക്കെതിരെയും കേസെടുക്കും.

കുട്ടിയുമായി സൗഹൃദത്തിൽ ഏർപ്പെടാൻ ഉപയോഗിച്ച മൊബൈൽഫോൺ, കംപ്യൂട്ടർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുക്കുമെന്നും ചാലിശ്ശേരി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ സ്ത്രീയുടെ പേരിലെടുത്ത സിം കാർഡുകളാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചിട്ടുള്ളത്. അവ കേന്ദ്രീകരിച്ചുളള അന്വേഷണവും നടത്തും.

പെൺകുട്ടിക്ക് പതിനാറ് വയസ്സായതിനാൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ജില്ലാ അഡീഷണൽ സെഷൻസ് കോടതി-1ൽ ചാലിശ്ശേരി പോലീസ് അപേക്ഷ നൽകി. കോടതിയുടെ അനുമതി ലഭിച്ചാൽ ചൊവ്വാഴ്ചയോടെ പ്രതിയുടെ തെളിവെടുപ്പ് നടത്തുമെന്ന് ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. കുട്ടികൾ സമൂഹമാധ്യമങ്ങളിൽ അമിതമായി ഉപയോഗിക്കുന്നതും ഓൺലൈൻക്ലാസുകളിലും രക്ഷിതാക്കളുടെ ശ്രദ്ധവേണമെന്ന് ചാലിശ്ശേരി എസ്.എച്ച്.ഒ. പറഞ്ഞു.