ചാലക്കുടി: സാമ്പത്തിക ഇടപാടുകളുടെ പേരിൽ ദമ്പതിമാരെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി ആഭരണങ്ങളും പണവും കൊള്ളയടിച്ച കേസിൽ അന്തസ്സംസ്ഥാന കുറ്റവാളി അറസ്റ്റിൽ. കൊടകര ഇത്തുപ്പാടത്ത് മുതുപറമ്പിൽ ജിനേഷിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും ഭാര്യയുടെ ആഭരണങ്ങളും പണവും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. എറണാകുളം ജില്ലയിലെ കുറുമശേരി സ്വദേശിയും കോടാലി കോപ്ലിപ്പാടത്ത് താമസക്കാരനുമായ മുടവൻപ്ലാക്കൽ വീട്ടിൽ ഹരി (ഹരികൃഷ്ണൻ-50) ആണ് അറസ്റ്റിലായതെന്ന് ചാലക്കുടി ഡിവൈ.എസ്.പി. കെ.എം. ജിജിമോൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഒമ്പതിനാണ് സംഭവം.

വർഷങ്ങൾക്കു മുൻപ് യുവാവിനെ കൊന്ന് ചാക്കിൽക്കെട്ടി കുതിരാൻ മലയിൽ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഹരിയെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എ. അക്ബറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. രണ്ടു പതിറ്റാണ്ടു മുമ്പ് മുതൽ വിവിധ ജില്ലകളിലായി മോഷണം, പിടിച്ചുപറി, ദേശീയപാതയിൽ യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം തുടങ്ങി ഇരുനൂറിലേറെ കേസുകളിൽ പ്രതിയാണ്.

കർണാടകയിലെ യലഹങ്കയിൽ യുവാവിന് ഭക്ഷണത്തിൽ വിഷംചേർത്തു നൽകി കൊലപ്പെടുത്തി കൊള്ളയടിച്ചതിനും 2003-ൽ വെള്ളിക്കുളങ്ങരയിൽ തോക്കു കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും പാലക്കാട് നെന്മാറയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് പണവും മറ്റും തട്ടിയെടുത്തതിനും 2004-ൽ കോയമ്പത്തൂരിൽ സ്വർണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതിനും വെല്ലൂരിൽ വീട്ടുകാർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് അടുത്ത വീട്ടിലെ കാറുമായി രക്ഷപ്പെട്ടതിനും കേസുകൾ നിലവിലുണ്ട്.

വെള്ളിക്കുളങ്ങര എസ്.എച്ച്.ഒ. എം.കെ. മുരളി, എസ്.ഐ. ഉദയകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ.മാരായ റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ.മാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പിടിയിലായപ്പോൾ ചെങ്ങമനാട് സ്വദേശി മോഹനൻ എന്ന വിലാസം നൽകി തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

കർണാടകയിലും തമിഴ്നാട്ടിലുമടക്കം ഇരുനൂറിലേറെ കേസുകളിലെ പ്രതി

ചാലക്കുടി: കൊടകര ഇത്തുപ്പാടത്ത് മുതുപറമ്പിൽ ജിനേഷിന്റെ വീടുകയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ കോപ്ലിപ്പാടത്ത് ഹരി ട്രെയിനുകളിൽ നടന്ന നൂറോളം കവർച്ചക്കേസുകളിലെ പ്രതി. കുലീനവേഷത്തിൽ ട്രെയിനുകളിൽ സഞ്ചരിച്ച് സഹയാത്രികരോട് അടുപ്പം സ്ഥാപിച്ച് പണം കൊള്ളയടിക്കുകയും അത് മദ്യത്തിനും ആഡംബര ജീവിതത്തിനുമായി ചെലവഴിക്കുകയുമായിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച നൂറിൽപ്പരം സംഭവങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. അകമ്പടി പോലീസിനെവരെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവമുണ്ട്.

എവിടെച്ചെന്നാലും അവിടെ മദ്യവും മറ്റു ലഹരിയും നൽകി യുവാക്കളുടെ അനുചരവൃന്ദമുണ്ടാക്കി അവരുടെ സുരക്ഷാവലയത്തിലാണ് ഹരി കഴിയാറ്. പോലീസിൽനിന്നും രക്ഷപ്പെടാനായിരുന്നു ഇത്.ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അന്വേഷണസംഘം ഇയാളെ വിദഗ്ധമായി പിടികൂടിയത്. ഹരിയുടെ രീതികളെപ്പറ്റി കൃത്യമായി പഠിച്ച് മൂന്നു മാസത്തോളം നടത്തിയ പരിശ്രമത്തിലാണ് അന്വേഷണ സംഘത്തിന് ഹരിയെ പിടികൂടാനായത്.

വെള്ളിക്കുളങ്ങര സംഭവത്തെത്തുടർന്ന് തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ ആദ്യം ഉദുമൽപേട്ട, ദിണ്ടിഗൽ, തിരുവണ്ണാമലൈ, സേലം എന്നിവിടങ്ങളിലും ഒളിവിൽ കഴിഞ്ഞു. പോലീസ് സംഘം പിന്നാലെ എത്തിയതറിഞ്ഞ് പച്ചക്കറിവണ്ടിയിൽ കേരളത്തിലെത്തി ആലുവയ്ക്കടുത്ത് ഒരു കോളനിയിൽ ഒറ്റമുറി വീട്ടിൽ താമസിക്കുകയായിരുന്നു. അങ്കമാലി സ്വദേശിയുടെ ആഡംബര വാഹനം വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലേക്ക് കടന്നശേഷം ആ വാഹനം തമിഴ്നാട്ടിൽ പണയംവെച്ച പണവുമായാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.