ചാലക്കുടി: പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലിനോക്കുമ്പോൾ ബില്ലിൽ കൃത്രിമം കാണിച്ചും സഹപ്രവർത്തകരെ കബളിപ്പിച്ചും പത്തു ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് അഴിയൂർ കാരപ്പറമ്പ് ചള്ളവീട്ടിൽ സനീഷിനെ (36) ആണ് ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ആശുപത്രിയിൽ ബില്ലിങ് വിഭാഗം മേധാവിയായിട്ടായിരുന്നു സനീഷ് ജോലിയിൽ പ്രവേശിച്ചത്. അധികം താമസിയാതെ ആശുപത്രി മാനേജ്‌മെന്റിന്റെ വിശ്വസ്തനായി. രോഗികൾ അടയ്ക്കുന്ന ബില്ലുകളിൽ കൃത്രിമം കാട്ടി പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. തട്ടിപ്പ് മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നത് കൂടുതൽ പണം തട്ടിയെടുക്കുന്നതിന് പ്രചോദനമായി. ഓഡിറ്റർമാരുടെ വിശദ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.

വിദേശത്ത് ജോലി ശരിയായി എന്നു വിശ്വസിപ്പിച്ച് ഇയാൾ ഇതിനകം സ്ഥാപനത്തിൽനിന്നും രാജിവെച്ചുപോയിരുന്നു. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതറിഞ്ഞ ആശുപത്രി മാനേജ്‌മെന്റ് പുതുക്കാട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സനീഷിനെ കണ്ടെത്താനായില്ല. തുടർന്ന് കേസ് ഫയൽ പരിശോധിച്ച ചാലക്കുടി ഡിവൈ.എസ്‌.പി. പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

സൗമ്യനായ മാനേജർ തട്ടിപ്പുവീരനായി

പാലക്കാട് കണ്ണനൂരിലെ സൂപ്പർമാർക്കറ്റിൽ മാനേജരായി ജോലിനോക്കുമ്പോൾ അവിടെനിന്നാണ് ഇയാളെ അന്വേഷണസംഘം വലയിലാക്കിയത്. പ്രത്യേകാന്വേഷണസംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിൻ, സബ് ഇൻസ്‌പെക്ടർ കെ. മണികണ്ഠൻ, എ.എസ്.ഐ. ജോഫി ജോസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എ.യു. റെജി എന്നിവരും ഉണ്ടായിരുന്നു.