പാലാ: ഏറ്റുമാനൂര്‍-പാലാ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല കവര്‍ന്ന സ്ത്രീ പിടിയിലായി. മധുര സ്വദേശിനി ഈശ്വരി (50) ആണ് പിടിയിലായത്. മാല നഷ്ടപ്പെട്ട സ്ത്രീകള്‍ തന്നെയാണ് പിന്തുടര്‍ന്ന് പിടികൂടി പ്രതിയെ പാലാ പോലീസില്‍ ഏല്‍പിച്ചത്.

കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്ടാവിനെ പിടികൂടാന്‍ കാരണമായത്. ഏറ്റുമാനൂര്‍ മംഗളം കോളേജിന് സമീപം താമസിക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ നിജ, വല്‍സമ്മ എന്നിവര്‍ അരുവിത്തുറ പള്ളിയിലേക്ക് പോകാനാണ് കോട്ടയം-തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയത്.

ബസിലുണ്ടായിരുന്ന ഈശ്വരി, ചിന്നമ്മയെ തന്റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു. ചേര്‍പ്പുങ്കലിലേക്ക് ടിക്കറ്റെടുത്ത ഈശ്വരി ചേര്‍പ്പുങ്കലിലെത്തിയപ്പോള്‍ വീണ്ടും പാലായിലേക്ക് ടിക്കറ്റെടുത്തു. ഇത് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നു.

പാലാ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഈശ്വരി ആദ്യം ബസിറങ്ങി. വല്ലതും നഷ്ടപ്പെട്ടോ എന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് ചിന്നമ്മ രണ്ട് പവനോളം വരുന്ന മാല കാണാനില്ലെന്ന് മനസ്സിലാക്കിയത്.

ഈശ്വരി കോട്ടയത്തേക്കുള്ള ബസില്‍ കയറിയതായി ഡ്രൈവര്‍ പറഞ്ഞു.തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ചിന്നമ്മയും കൂടെയുള്ളവരും പിന്തുടര്‍ന്നെത്തി ളാലം സ്റ്റാന്‍ഡില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.

ബസിലിരിക്കുകയായിരുന്ന ഈശ്വരി ഇവരെ കണ്ടതോടെ മാല ബസിലിട്ട് രക്ഷപ്പെടാനും ശ്രമിച്ചു. പാലാ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. നിരവധി മോഷണസംഘങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പാലാ ജൂബിലി തിരുനാളിനടക്കം എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സി.ഐ. കെ.പി. തോംസണ്‍ പറഞ്ഞു.