കടുത്തുരുത്തി: കടയില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ, ജീവനക്കാരിയുടെ കണ്ണില്‍ കുരുമുളകുപൊടി വാരിയിട്ടശേഷം മാല പൊട്ടിച്ചെടുത്ത് ഓടി. മോഷ്ടാവിന്റെ പിന്നാലെ 200 മീറ്ററോളം ദൂരം ഓടിയ ജീവനക്കാരി പ്രതിയെ കീഴടക്കി മാല തിരികെ വാങ്ങി. ജീവനക്കാരിയുടെ നിലവിളികേട്ട് ഓടിയെത്തിയ കടുത്തുരുത്തി താഴത്തുപള്ളിയിലെ കൈക്കാരന്‍ ഷിനോജ് കൈതമറ്റത്തിന്റെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറി.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തി പള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന മരിയാ ഫാന്‍സി ലേഡീസ് സെന്ററിലാണ് സംഭവം.

വെള്ളാശ്ശേരി കുറുപ്പത്തടം വീട്ടില്‍ ഷൈനി ശ്രീധരന്‍ (51) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കടയിലെ ജീവനക്കാരി ആയാംകുടി ചെരിയംകാലായില്‍ ബിജി ബിജുവി(42)നെ ആക്രമിച്ചാണ് മാല പൊട്ടിച്ചത്. കടയിലെത്തിയ സ്ത്രീ ഓരോ സാധനങ്ങളുടെയും വിലവിവരങ്ങള്‍ തിരക്കി. ഇതിനിടെ മറ്റൊരു സ്ത്രീ സാധനം വാങ്ങാന്‍ കടയിലെത്തി. തിരക്കില്ലെന്ന് പറഞ്ഞ് മാറിനിന്ന പ്രതി കടയിലെത്തിയ ആള്‍ക്ക് സാധനങ്ങള്‍ നല്‍കിക്കൊള്ളാന്‍ ബിജിയോട് പറഞ്ഞു. അവര്‍ പോയശേഷം പ്രതി ആവശ്യപ്പെട്ട സാധനങ്ങളും നക്ഷത്രവും പൊതിയുന്നതിനിടെ കൈയില്‍ കരുതിയിരുന്ന കുരുമുളകുപൊടി ബിജിയുടെ കണ്ണിലേക്കു വാരിവിതറുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തില്‍ പതറിപ്പോയ ബിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്തു മോഷ്ടാവ് ഓടി.

മോഷ്ടാവിന്റെ പിന്നാലെ ഓടിയ ബിജി നിര്‍മാണത്തിലിരിക്കുന്ന ബൈപ്പാസിന് സമീപത്തുവെച്ചു പ്രതിയുടെ സാരിത്തുമ്പില്‍ പിടികൂടി. ഇതിനിടെ പ്രതി മാല വിഴുങ്ങാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കടിച്ചെന്നും ബിജി പറഞ്ഞു. ഈ സമയം ബിജിയുടെ നിലവിളികേട്ട് പിന്നാലെ ഓടിയെത്തിയ യുവാവും ഇവിടെയെത്തി. ഇരുവരും ചേര്‍ന്ന് പ്രതിയെ കീഴടക്കി. ഈ സമയം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കടുത്തുരുത്തി സി.ഐ. കെ.ജെ. തോമസ്, എസ്.ഐ. ബിബിന്‍ ചന്ദ്രന്‍, എ.എസ്.ഐ. പി.എസ്. സന്ധ്യ എന്നിവര്‍ക്ക് പ്രതിയെ കൈമാറി.

ഫൊറന്‍സിക് സംഘം കടയിലെത്തി തെളിവുകള്‍ ശേഖരിച്ചു. മൂന്ന് ദിവസംമുമ്പും ഈ സ്ത്രീ കടയിലെത്തിയിരുന്നതായി കടയുടമ നടുപ്ലാക്കില്‍ ജോര്‍ജ് പറഞ്ഞു. താലി കോര്‍ത്തിട്ടിരുന്ന മാല സ്വര്‍ണമല്ലെന്ന് പിന്നീട് പോലീസ് പറഞ്ഞു.

സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കടുത്തുരുത്തി യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. പ്രതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപെട്ടു.