കരുമാല്ലൂർ(എറണാകുളം): മനയ്ക്കപ്പടി കാരുചിറയിൽ ബൈക്കിലെത്തിയ മോഷ്ടാവ് കാൽനട യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മാലപൊട്ടിച്ചു. മാലയിൽനിന്ന് പിടിവിടാതെ യാത്രക്കാരിയും പ്രതികരിച്ചതിനാൽ മാലയുടെ ഒരു തുമ്പ് മാത്രമേ നഷ്ടപ്പെട്ടുള്ളു. മനയ്ക്കപ്പടി തോപ്പിൽ സ്വദേശിനി തങ്ക പൗലോസിനു നേരേയായിരുന്നു ആക്രമണം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടമ്മ ബാങ്കിൽ പോയി വരികയായിരുന്നു. കാരുചിറ സ്റ്റോപ്പിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ കാരിപുരം ക്ഷേത്രത്തിനടുത്തുവെച്ച് ഒരു യുവാവ് തങ്കയോട് ക്ഷേത്രത്തിന്റെ പേര് ചോദിച്ചു. അടുത്തേക്കെത്തിയ നീല ഷർട്ടുകാരനായ യുവാവ് തങ്കയുടെ കഴുത്തിൽക്കിടന്ന മാലയിൽ കയറിപ്പിടിച്ചു.

തങ്ക ഉടൻ മാല ചേർത്തുപിടിച്ച് മോഷ്ടാവിനെ അടിച്ചോടിക്കാൻ ശ്രമിച്ചു. മാലയുടെ ഒരുഭാഗം പൊട്ടി അയാളുടെ കൈയിലകപ്പെട്ടു. അയാൾ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തങ്ക ബൈക്കിൽ പിടികൂടി. അപ്പോഴാണ് തങ്കയെ മോഷ്ടാവ് അടിച്ചുവീഴ്ത്തിയത്.

തങ്ക ഒച്ചവച്ചെങ്കിലും സമീപവാസികളൊന്നും കേട്ടില്ല. പിന്നീട് സമീപത്തെ വീട്ടിൽച്ചെന്ന് പറഞ്ഞപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. മാലയിൽനിന്ന് അരപ്പവനോളം നഷ്ടപ്പെട്ടിട്ടുണ്ട്.

ആലങ്ങാട് പോലീസെത്തി അന്വേഷണം നടത്തി. കാരിപുരം ക്ഷേത്രമതിലിൽ സ്ഥാപിച്ചിട്ടുളള സി.സി.ടി.വി. ക്യാമറയും പരിശോധിക്കുന്നുണ്ട്.

ബിനാനിപുരത്ത് വന്നതും നീലഷർട്ടുകാരൻ

കഴിഞ്ഞദിവസം ബിനാനിപുരത്തും ഇത്തരത്തിൽ മാലമോഷണം നടന്നിരുന്നു. പാനായിക്കുളം-കാരിപ്പുഴ റോഡിൽ നടന്ന സംഭവത്തിന്റെ ദൃശ്യം പോലീസ് സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് സഞ്ചരിച്ച വണ്ടിയുടെ നമ്പർ അടക്കം പോലീസ് ശേഖരിച്ചു. അവിടേയും നീല നിറത്തിലുള്ള ഷർട്ടിട്ട ആളാണ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചത്.

മനയ്ക്കപ്പടിയിൽ മാല നഷ്ടപ്പെട്ട തങ്ക പറയുന്നതുപോലെ നല്ല ഉയരമുള്ള ആളെയാണ് അവിടേയും കണ്ടിരിക്കുന്നത്. വണ്ടിനമ്പർ കോഴിക്കോട് സ്വദേശിയുടേതാണെന്നാണ് വിവരം. അതുപ്രകാരം അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Content Highlights:chain snatching in eranakulam