കോയമ്പത്തൂര്‍: സ്ത്രീയുടെ കഴുത്തില്‍നിന്ന് മാലകവര്‍ന്ന് ഓടിരക്ഷപ്പെട്ട രണ്ടുപേരെ കുനിയംമുത്തൂര്‍ പോലീസ് പിടികൂടി. കോണ്‍ഗ്രസ് ജില്ലാ യൂത്ത് വൈസ് പ്രസിഡന്റ് കരിമ്പുകട ആസാദ് നഗര്‍ ഫൈസല്‍ റഹ്മാന്‍ (30), ഇയാളെ സഹായിച്ച 17-കാരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

വെള്ളിയാഴ്ച കുനിയംമുത്തൂര്‍ കെ.ജി.കെ. റോഡിലെ പലചരക്കുകടയില്‍ ധനലക്ഷ്മിയോട് സംസാരിക്കുന്നതിനിടെ മാലപൊട്ടിച്ച് ഓടുകയായിരുന്നു. കുറച്ചകലെ നിര്‍ത്തിയിരുന്ന ഇരുചക്രവാഹനത്തില്‍ക്കയറി പോകുന്നത് സി.സി.ടി.വി.യില്‍ പതിഞ്ഞതോടെ പോലീസിന് കവര്‍ച്ചക്കാരെ കണ്ടെത്താന്‍ എളുപ്പമായി. കരിമ്പുകട സ്വദേശിയായ പതിനേഴുകാരനെ വാഹനത്തോടൊപ്പം കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റംസമ്മതിച്ചു. ഇയാളില്‍നിന്നുള്ള വിവരപ്രകാരമാണ് മോഷ്ടാവ് ഫൈസല്‍ റഹ്മാനാണെന്ന് കണ്ടെത്തിയത്. രണ്ടുപേരെയും ചോദ്യംചെയ്തതില്‍ ഇതിനുമുമ്പ് കുനിയംമുത്തൂര്‍, ബി.കെ. പുതുര്‍, ഇടയാര്‍പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി കവര്‍ച്ചക്കേസുകളില്‍ പങ്കുണ്ടെന്ന് ഇവര്‍ സമ്മതിച്ചു.

ഐസ്‌ക്രീം വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു 

കോയമ്പത്തൂര്‍: ജില്ലാ പോലീസ് സ്വകാര്യ കോളേജുമായി ചേര്‍ന്ന് തയ്യാറാക്കി പുറത്തിറക്കിയ ആപ്പ് 'സകോ' പ്രവര്‍ത്തനക്ഷമമായെങ്കിലും നഗരത്തില്‍ കവര്‍ച്ചയ്ക്ക് കുറവില്ല. കൗണ്ടംപാളയത്തിനടുത്തുള്ള വില്ലകളിലെ വീട്ടില്‍നിന്ന് കാണാതായത് 1.5 കോടിരൂപ വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍. പ്രമുഖ ഐസ്‌ക്രീം വ്യാപാരി ശ്രീനിവാസന്റെ വീട്ടില്‍നിന്നാണ് ഇത്രയും കവര്‍ന്നത്. കാവല്‍ക്കാരും ചുറ്റുമതിലും സി.സി.ടി.വി. നിരീക്ഷണവും ഉണ്ടായിട്ടും കവര്‍ച്ചക്കാര്‍ക്ക് ഇതൊന്നും തടസമാകുന്നില്ല. ഒരേപോലെയുള്ള ആഡംബരവില്ലകള്‍ ധാരാളമുള്ള കോളനിക്കകത്താണ് കവര്‍ച്ചക്കാര്‍ വിലസിയത്. ശ്രീനിവാസനും കുടുംബവും ഒന്നാംനിലയില്‍ ഉറങ്ങുന്നതിനിടയില്‍ വീടിന്റെ പിന്‍ഭാഗത്തെ കതക് പൊളിച്ചാണ് ഉള്ളില്‍ കടന്നത്. അലമാരയിലെ സാധനങ്ങള്‍ മുഴുവന്‍ വാരി പുറത്തിട്ട് അതില്‍നിന്ന് നാല് വജ്രമാലകളും 50 പവന്‍ സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്.

ഇതേസമയത്തുതന്നെ തൊട്ടടുത്തുള്ള വരുണ്‍, ഷണ്മുഖം എന്നിവരുടെ വീടുകളുടെ വാതിലുകളും തകര്‍ത്തു. പക്ഷേ, ഒന്നും കിട്ടിയില്ല. പിന്നീട് എന്‍ജിനിയര്‍ വേലുമണി, ഐ.ടി. ജീവനക്കാരന്‍ ശിങ്കാരവേലന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കുള്ളില്‍ കടന്നെങ്കിലും ശബ്ദംകേട്ട് ഇവര്‍ എണീറ്റതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഡി.ഐ.ജി. മുത്തുസ്വാമി, ജില്ലാ പോലീസ് മേധാവി സെല്‍വ നാഗരത്‌നം എന്നിവര്‍ രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചക്കാരെ പിടികൂടാന്‍ നാല് പ്രത്യേക സംഘങ്ങളെ നിയമിച്ചിട്ടുണ്ടെന്ന് എസ്.പി. അറിയിച്ചു.

വെള്ളിയാഴ്ചയാണ് കാവല്‍ ആവശ്യമുള്ള വീടുകളെയും തനിച്ചുതാമസിക്കുന്നവര്‍, വീടുപൂട്ടി പുറത്തേക്ക് പോകുന്നവര്‍ തുടങ്ങിയവര്‍ക്കായി 'സകോ' ആപ്പ് ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അദ്ദേഹം വീണ്ടും എല്ലാവരോടും അഭ്യര്‍ഥിച്ചു. ഇതേസമയംതന്നെ ഗാന്ധിപുരം എ.ടി.എം. സെന്ററിലെ ബാറ്ററി മോഷണംപോയതും കോവൈപുത്തൂരില്‍ പൂട്ടിയിട്ടവീട്ടില്‍നിന്ന് 25,000 രൂപ കാണാതായതുമായി പോലീസ് അന്വേഷണം തുടരുകയാണ്.