പൂച്ചാക്കല്‍: രണ്ടുവര്‍ഷംമുന്‍പ് ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ടിലൂടെ പിടിയിലായ സുനില്‍ സുരേന്ദ്രനും(കീരിസുനി) കൂട്ടാളിയും മാലപൊട്ടിക്കലിന് ആലപ്പുഴ പോലീസിന്റെ പിടിയിലായി. കോട്ടയം പൂഞ്ഞാര്‍ തെക്കേകര കീരിയാനിക്കല്‍ സുനില്‍ സുരേന്ദ്രന്‍(43), കോട്ടയം അരുവിത്തറ മീനച്ചില്‍ ചേലപീരുപറമ്പില്‍ മുഹമ്മദ് ഷംഷാദ് അല്‍ത്താഫ്(കുട്ടാപ്പി- 30) എന്നിവരാണു പിടിയിലായത്. മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് എട്ടുകേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇവര്‍ മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങിനടന്നാണു മാലപൊട്ടിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുനിയും മുഹമ്മദ് ഷംഷാദ് അല്‍ത്താഫും ചേര്‍ന്ന് മാലപൊട്ടിച്ചത്. അന്ന് ആലപ്പുഴജില്ലയില്‍ ആറു മാലപറിക്കല്‍ നടന്നിരുന്നു. ജില്ലയിലെ അഞ്ചുകേസുകള്‍ കാവനാട് ശശിയും ഉണ്ണിക്കൃഷ്ണനുമാണ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, പൂച്ചാക്കലില്‍നടന്ന മാലപറിക്കല്‍ ആരാണുനടത്തിയതെന്ന് വ്യക്തമായില്ല.

സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച്, പലജില്ലകളിലായി കൂടുതല്‍ മാലപൊട്ടിച്ചിട്ടുള്ള കാവനാട് ശശിയെയും ഉണ്ണിയെയും പിന്തുടരുകയായിരുന്നു പോലീസ്. കാവനാട് ശശിയും ഉണ്ണിക്കൃഷ്ണനും സുനിയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളതായും പോലീസ് കണ്ടെത്തി. 31 ഫോണുകള്‍ മാറിയുപയോഗിച്ചും പലസംസ്ഥാനങ്ങള്‍ മാറിസഞ്ചരിച്ചും സുനി പോലീസിനെ കുഴപ്പത്തിലാക്കുകയും ഓഗസ്റ്റ് 20-ന് ശേഷം ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്തുവെക്കുകയും ചെയ്തു.

2020-ല്‍ ജയിലില്‍നിന്ന് ഇറങ്ങിയശേഷം മാട്രിമോണി ആപ്പ്വഴി പരിചയപ്പെട്ട വിധവകളായ സ്ത്രീകളുമായി സുനി അടുപ്പത്തിലാകുകയും അടുത്തിടെ പാലക്കാട് സ്വദേശിനിയെ വിവാഹംകഴിക്കുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണഭാഗത്ത് താമസിക്കുന്നതായി പോലീസിന് വിവരംലഭിച്ചിരുന്നു. അന്വേഷണസംഘം രണ്ടായി പെരിന്തല്‍മണ്ണയിലും കോട്ടയത്തും ഒരേസമയം പ്രതികളെ അന്വേഷിച്ച് പുറപ്പെട്ടപ്പോഴാണ് കുട്ടാപ്പി കോട്ടയത്തുനിന്നു മലപ്പുറത്തേക്കു സഞ്ചരിക്കുന്നതായി വിവരംലഭിച്ചത്.

തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണയിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നു സുനിയും കുട്ടാപ്പിയും പിടിയിലായത്. മാലകള്‍ പട്ടാമ്പിസ്വദേശിക്കു വിറ്റതായി അന്വേഷണസംഘം കണ്ടെത്തി. ജില്ലാപോലീസ് മേധാവി ജയ്‌ദേവിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ചേര്‍ത്തല ഡിവൈ.എസ്.പി. വിനോദ് പിള്ള, ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജ്, സൈബര്‍ പി.എസ്.ഐ. എസ്.എച്ച്.ഒ. എം.കെ. രാജേഷ്, പൂച്ചാക്കല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജയ് മോഹന്‍, എസ്.ഐ. ഗോപാലകൃഷ്ണന്‍, ആലപ്പുഴസൗത്ത് എസ്.ഐ. നെവിന്‍ ടി.ഡി., എ.എസ്.ഐ.മാരായ മോഹന്‍കുമാര്‍, സുധീര്‍(ജില്ലാ ക്രൈംബ്രാഞ്ച്), സി.പി.ഒ.മാരായ നിസാര്‍(പൂച്ചാക്കല്‍), ബിനോജ്, ജോസഫ് ജോയ്(ആലപ്പുഴ നോര്‍ത്ത്) അരുണ്‍, റോബിന്‍സണ്‍(ആലപ്പുഴ സൗത്ത്) എന്നിവരാണു പ്രതികളെ പിടികൂടിയത്.