ശ്രീകണ്ഠപുരം/മട്ടന്നൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ശ്രീകണ്ഠപുരം, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളില്‍ മാല കവര്‍ച്ചചെയ്ത കേസില്‍ പയ്യന്നൂര്‍ അന്നൂരിലെ പുതിയപുരയില്‍ ലിജീഷ് (30), ചന്തേര കോയങ്കര ശ്രീനിലയത്തില്‍ രാമചന്ദ്രന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ലിജീഷിനെ ശ്രീകണ്ഠപുരം സി.ഐ.ഇ.പി. സുരേശന്‍, എസ്.ഐ. എ.വി.ചന്ദ്രന്‍ എന്നിവരും രാമചന്ദ്രനെ മട്ടന്നൂര്‍ സി.ഐ. എം.കൃഷ്ണനുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17-ന് ഉച്ചയ്ക്കാണ് ശ്രീകണ്ഠപുരം കോട്ടൂരിലെ കൂടത്തില്‍ വീട്ടില്‍ മാധവിയമ്മയുടെ രണ്ട് പവന്റെ സ്വര്‍ണമാല ഇവര്‍ മോഷ്ടിച്ചത്. സമീപത്തെ വീട്ടിലേക്ക് മോരുവാങ്ങാന്‍ പോകുന്നതിനിടെ വഴിചോദിച്ചെത്തിയ ഇവര്‍ മാധവിയമ്മയെ തള്ളിയിട്ടാണ് മാല കവര്‍ന്നത്. തുടര്‍ന്ന് 23-ന് ഉച്ചയ്ക്ക് ഉരുവച്ചാലില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന 70 കാരിയുടെ ഒന്നരപ്പവന്റെ മാലയും തട്ടിയെടുത്തു. പഴശ്ശി ഇടവേലിക്കലിലെ ദേവകിയുടെ സ്വര്‍ണമാലയാണ് തട്ടിപ്പറിച്ചത്. ഉരുവച്ചാലില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 24-ന് ചൊക്ലിയിലെ ഒരു സ്ത്രീയുടെ മാല മോഷ്ടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

നിരീക്ഷണ ക്യാമറകള്‍ ഒഴിവാക്കി സഞ്ചാരം

വളരെ സമര്‍ഥമായാണ് പ്രതികള്‍ മാല കവര്‍ന്ന് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ ഒഴിവാക്കിയായിരുന്നു സഞ്ചാരം. ശ്രീകണ്ഠപുരത്തുനിന്ന് മാല മോഷ്ടിച്ച ശേഷം വളക്കൈ വഴിപോകുന്നതിനുപകരം കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് ഏരുവേശ്ശി-ചെമ്പേരി വഴി ചെമ്പന്തൊട്ടിയില്‍ എത്തുകയും അവിടെനിന്ന് ചുഴലി വഴി വളക്കൈ സംസ്ഥാനപാതയില്‍ പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് വഴി പയ്യന്നൂരിലെത്തിയ ശേഷം രാമചന്ദ്രന്‍ സ്‌കൂട്ടറില്‍ നിന്നിറങ്ങി ചന്തേരയിലേക്ക് പോയി. ലിജീഷ് പഴയങ്ങാടി ഭാഗത്തേക്കും പോയി.

കിലോമീറ്ററുകള്‍ ചുറ്റി ഉള്‍നാടന്‍ റോഡിലൂടെ യാത്രചെയ്തതിനാല്‍ ഇവരെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റുള്ള സ്‌കൂട്ടറിലാണ് മോഷണം നടത്താനെത്തിയത്.

രണ്ടാഴ്ചക്കുള്ളില്‍ ഇരുനൂറോളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പഴയങ്ങാടി-പിലാത്തറ കെ.എസ്.ടി.പി. റോഡിലെ സി.സി.ടി.വി.യില്‍നിന്നാണ് പോലീസിന് പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയത്.

ലിജീഷ് ടൈല്‍സ് പണിക്കാരനും രാമചന്ദ്രന്‍ പയ്യന്നൂര്‍ സ്‌കൂളിന് സമീപമുള്ള ബാര്‍ബര്‍ ഷോപ്പിലെ ജോലിക്കാരനുമാണ്. കവര്‍ച്ചചെയ്ത മാലകള്‍ പയ്യന്നൂരിലെ സ്വകാര്യ ധനകാര്യ സേഥാപനത്തില്‍ പണയംവെച്ചതായി തെളിഞ്ഞിട്ടുണ്ട്. പിടിയിലായവരെ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.