പാലാ: ആര്‍ഭാട ജീവിതത്തിനായി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് വിറ്റ് പണം സമ്പാദിച്ച സംഭവത്തില്‍ മോഷണസംഘത്തിലെ മൂന്നാമന്‍ പോലീസ് പിടിയില്‍. പീരുമേട് പട്ടുമല എസ്റ്റേറ്റിലെ സരയൂ വീട്ടില്‍ ആല്‍ഫിന്‍ രാജു (21) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മാസം പത്തിനാണ് പാലാ മണലേല്‍ പാലത്തിന് സമീപം മുറുക്കാന്‍ കട നടത്തുന്ന താഴത്തിലുമ്പേല്‍ ശകുന്തളയുടെ കടയിലെത്തി സിഗരറ്റ് ആവശ്യപ്പെടുകയും എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയും ചെയ്തത്.

രണ്ടര പവന്‍ തൂക്കംവരുന്ന മാല വിറ്റ് പ്രതികള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. കേസില്‍ കൊല്ലം പാരിപ്പള്ളി കിഴക്കനേല ചിറ്റഴികത്തു മേലതില്‍ വീട്ടില്‍ അശോകന്റെ മകന്‍ അബു (22), പടിഞ്ഞാറ്റിന്‍കര പാളയം പനക്കച്ചാലില്‍ ടോമിന്റെ മകന്‍ ജെറിന്‍ (21)എന്നിവരെ പാലാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണസംഘത്തില്‍ ഉള്‍പ്പെട്ട പാരിപ്പള്ളി സ്വദേശി സനോജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി. പ്രഭുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.