കാലടി: രാവിലെ കുളിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ തുറന്നശേഷം ചാരിയിട്ട വാതിലിലൂടെ വീടിനകത്തുകടന്ന് മാല പൊട്ടിക്കാന്‍ കള്ളന്റെ ശ്രമം. ബഹളമുണ്ടാക്കിയതോടെ ഓടിയ ഇയാളെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഷൊര്‍ണൂര്‍ കൈലിയാട് ചീരക്കുഴി മണികണ്ഠനാണ് (49) പിടിയിലായത്. ഇയാള്‍ മറ്റൊരു മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് മൂന്നുദിവസംമുന്‍പ് പുറത്തിറങ്ങിയതേയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

തേങ്ങാക്കുന്ന് വാരിയത്ത് വിലാസിനിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു വിലാസിനി. ഇവരുടെ മകന്റെ ഭാര്യ, വീടിനുപുറത്തുള്ള കുളിമുറിയിലേക്കു പോകാന്‍ രാവിലെ വാതില്‍ തുറന്നിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ ചാരിയിട്ടാണ് അവര്‍ കുളിമുറിയിലേക്കു പോയത്. അപ്പോഴാണ് കള്ളന്‍ വീട്ടില്‍ക്കയറിയത്.

മാല പൊട്ടിച്ചെടുക്കുന്നതറിഞ്ഞ വിലാസിനി ബഹളംവെച്ചതോടെ മകന്‍ ബാബുവും പരിസരത്തുള്ളവരുമെല്ലാം ഓടിയെത്തി. ഇതോടെ മോഷ്ടാവ് കൈയില്‍കിട്ടിയ മാലയുടെ കഷണവുമായി ഓടി. പിന്തുടര്‍ന്ന നാട്ടുകാര്‍ പള്ളിപ്പടിയില്‍വെച്ച് ഇയാളെ പിടികൂടി പൊന്നാനി പോലീസില്‍ ഏല്‍പ്പിച്ചു.

ഇതേവീട്ടില്‍നിന്ന് ഇയാള്‍ ഒരു ബാഗും മോഷ്ടിച്ചിരുന്നു. ഇത് പള്ളിപ്പടിക്കുസമീപത്തെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍നിന്ന് പിന്നീട് കിട്ടി. ഇവിടെനിന്ന് ഒരു മഴുവും ഇരുമ്പുവടിയും കിട്ടിയിട്ടുണ്ട്.

പൊന്നാനി സ്റ്റേഷനില്‍ 2010-ല്‍ ഇയാളുടെപേരില്‍ ഒരു കളവുകേസുണ്ടായിരുന്നു.

തൃത്താല, ചാലിശ്ശേരി, പട്ടാമ്പി, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിലും ഇയാളുടെപേരില്‍ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.