എരമംഗലം: സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ടുപേര്‍ പിടിയില്‍. ഹരിപ്പാട് മണ്ണാറശാല തറയില്‍ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് കൊച്ചുഴിയത്ത് പാണയില്‍ ശശി (43) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍നിന്നായി 40 സ്ത്രീകളുടേതായി 200 പവനോളംവരുന്ന സ്വര്‍ണമാലകളാണ് ഇരുവരും മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇരുവരും വിവിധ മോഷണക്കേസുകളില്‍ ഒരുമിച്ച് ജയില്‍വാസം അനുഭവിച്ചശേഷം കഴിഞ്ഞവര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. തറയില്‍ ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനില്‍ കൊലപാതകക്കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ഇവരെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. സുരേഷ്ബാബു, പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേഴ്സണ്‍ മാര്‍ക്കോസ്, പൊന്നാനി സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി എന്നിവരുടെ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ചിരുന്നു.

പ്രതികള്‍ മോഷണം നടത്തിയിരുന്നതും താമസിച്ചിരുന്നതുമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലിനൊടുവിലാണ് ഇരുവരും ചാവക്കാട്-പുതുപൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടിയില്‍വെച്ച് ചൊവ്വാഴ്ച പോലീസിന്റെ പിടിയിലായത്. പ്രതികള്‍ക്കായി വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി നല്‍കുന്ന പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ സംബന്ധിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

നടന്നുപോകുന്നതും ഒറ്റയ്ക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്നതുമായ സ്ത്രീകളുടെ മാലയാണ് ഇരുവരും പൊട്ടിച്ചെടുക്കുന്നത്.

പെരുമ്പടപ്പ് പോലീസ്സ്റ്റേഷനിലെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. രഞ്ജിത്ത്, പ്രവീണ്‍, വിഷ്ണു, നാസര്‍, പോള്‍സണ്‍, എ.എസ്.ഐ.മാരായ ശ്രീലേഷ്, സജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, അനില്‍, റിനേഷ്, സ്മിത, എം.എസ്.പി. സേനാംഗങ്ങളായ അഫ്സല്‍, ഷിബില്‍, സെയ്ഫുദ്ദീന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. കലാം എന്നിവര്‍ കേസന്വേഷണത്തില്‍ പങ്കെടുത്തു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.