ലഖ്നൗ: വിവാഹനിശ്ചയ ചടങ്ങിനിടെ വെടിയുതിർത്ത് നടത്തിയ ആഘോഷത്തിൽ പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുദ്വാൻ ജില്ലയിലെ നന്ദേരി ഗ്രാമത്തിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. വെടിയുതിർന്ന റാംബ്രോസ്(38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മുൻ ഗ്രാമമുഖ്യന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി ചിലർ കൈയിൽ കരുതിയിരുന്ന നാടൻതോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് സമീപവാസിയായ അഞ്ജലിക്ക് വീടിന്റെ ടെറസിൽ ആഘോഷങ്ങൾ കണ്ടുനിൽക്കുന്നതിനിടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻതന്നെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ വെടിയുതിർത്ത റാംബ്രോസും സംഘവും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ജില്ലയ്ക്ക് പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. നാടൻതോക്കും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതിയും മറ്റുള്ളവരും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതിന് മുൻ ഗ്രാമമുഖ്യനെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Content Highlights:celebratory firing claims life of a ten year old girl in uttar pradesh