കന്യാകുമാരി:  സ്ത്രീകളുടെ ശൗചാലയത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചെന്ന പരാതിയില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. നാഗര്‍കോവില്‍ പള്ളിവിലായ് സ്വദേശിയും ഇസഡ്ത്രീ ഇന്‍ഫോടെക് എന്ന വെബ് ഡിസൈനിങ് സ്ഥാപന ഉടമയുമായ എസ്. സഞ്ജുവാണ് അറസ്റ്റിലായത്. ഇയാളുടെ നാഗര്‍കോവില്‍ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. 

എം.ബി.എ, എന്‍ജിനീയറിങ് ബിരുദധാരികളായ മൂന്ന് യുവതികളാണ് മാസം 5000 രൂപ ശമ്പളത്തില്‍ ചെട്ടിക്കുളത്തെ ഓഫീസില്‍ ജോലിചെയ്തിരുന്നത്. ഒന്നരമാസം മുമ്പാണ് ഇവിടെ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞദിവസം ഒരു ജീവനക്കാരി ശൗചാലയത്തില്‍ എത്തിയപ്പോഴാണ് ചുമരിലെ വിടവിനുള്ളില്‍ ഒരു കവര്‍ കണ്ടത്. തുടര്‍ന്ന് കവറിനുള്ളില്‍ പരിശോധിച്ചപ്പോള്‍ സിസിടിവി ക്യാമറ കണ്ടെത്തുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറയും പ്രതിയുടെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ശൗചാലയത്തില്‍നിന്നുള്ള വീഡിയോകളൊന്നും കണ്ടെത്താനായില്ലെന്നും പിടിച്ചെടുത്ത ക്യാമറയും ഫോണും ലാപ്‌ടോപ്പും വിശദപരിശോധനയ്ക്കായി സൈബര്‍ ക്രൈം സെല്ലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

Content Highlights: cctv camera in women toilet web designing firm owner arrested in nagercoil