തിരുവനന്തപുരം: വ്യക്തികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാനപോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവികള്‍ ഈ നിര്‍ദേശങ്ങള്‍ പോലീസ്സ്റ്റേഷന്‍ എസ്.എച്ച്.ഒ.മാരെ അറിയിക്കണം. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

പ്രതികളെ അകാരണമായി മര്‍ദിക്കരുത്. മര്‍ദിച്ച് കേസ് തെളിയിക്കുന്ന രീതി പാടില്ല. ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ സ്വീകരിക്കണം.

എല്ലാ പോലീസ് സ്റ്റേഷനുകളിലും ഏഴുദിവസത്തിനകം രാത്രിക്കാഴ്ചയുള്ള എച്ച്.ഡി. നിരീക്ഷണ ക്യാമറ സ്ഥാപിക്കണം. ലോക്കപ്പുകളും ക്യാമറ നിരീക്ഷണ പരിധിയിലാക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ബെഹ്റ നിര്‍ദേശം നല്‍കി. ഒരു മാസത്തെ മെമ്മറി ബാക്കപ്പ് ഇവയ്ക്ക് വേണം. പോലീസ് സ്റ്റേഷന്റെ മുന്‍ഭാഗം, പിന്‍ഭാഗം, എസ്.എച്ച്.ഒ.യുടെ മുറി, സന്ദര്‍ശക മുറി, ജി.ഡി. ചാര്‍ജ് ഏരിയ, ലോക്കപ്പ് എന്നിവിടങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാകണം. 

പോലീസ്സ്റ്റേഷനിലെ സെല്ലിനു സമീപം കുപ്പി, ഗ്ലാസ്, ബ്ലേഡ്, കത്തി തുടങ്ങിയവയും ടോയ്ലറ്റ് ക്ലീനറും ഒരു കാരണവശാലും സൂക്ഷിക്കരുത്. സെല്ലില്‍ കഴിയുന്ന പ്രതികള്‍ സ്വയംഹത്യയ്ക്ക് ശ്രമിക്കാതിരിക്കുന്നതിനാണിത്. പ്രതികളെ സെല്ലില്‍ കൊണ്ടുവന്നാല്‍ ദേഹപരിശോധന നടത്തി അപകടകരമായ ഒന്നും കൈയിലില്ലെന്ന് ഉറപ്പാക്കണം. 

കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതികള്‍ക്കു കൃത്യമായി ആഹാരം വാങ്ങിനല്‍കണം. സ്റ്റേഷനില്‍ പ്രതികളെ പാര്‍പ്പിക്കുന്നുണ്ടെങ്കില്‍ പാറാവ് ഡ്യൂട്ടിയില്‍ മൂന്നുപേര്‍ കൃത്യമായി ഉണ്ടായിരിക്കണം.

Content highlights: Crime news, Police station, Thiruvananthapuram