കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി സി.ബി.ഐ. സുബീഷിന്റെ കള്ളമൊഴി കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിര്‍ദേശപ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്നും സി.ബി.ഐ പറയുന്നു. മോഹനന്‍ വധക്കേസിന് അറസ്റ്റിലാകുന്നതിന് മുന്‍പ് മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് സമര്‍പ്പിച്ച ശബ്ദരേഖയ്ക്ക് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അട്ടമറിക്കാന്‍ പോലീസ് വിചാരണവേളയില്‍ ശ്രമിച്ചുവെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിനെ കൊണ്ട് പറയിപ്പിച്ചത് കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസിനെതിരെയുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിര്‍ദേശപ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്ന സി.ഐയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.

2016 നവംബര്‍ 17നാണ് സുബീഷിനെ വടകരയ്ക്ക് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്‍കി കസ്റ്റഡിയിലെടുത്തുവെന്ന പോലീസ് അവകാശവാദം തെറ്റാണെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക് കൂത്തുപറമ്പ് സ്റ്റേഷനില്‍ ഹാജരാകണമെന്നുള്ള നോട്ടീസാണ് സുബീഷിന് നല്‍കാനായി തയ്യാറാക്കിയിരുന്നത്. എന്നാല്‍ അതിന് മുന്‍പ് ഡി.വൈ.എസ്.പിയുടെ നിര്‍ദേശം അനുസരിച്ച് സുബീഷിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പിന്നീട് രണ്ട് ദിവസം അഴീക്കല്‍ പോലീസ് സ്‌റ്റേഷനില്‍ അന്യായമായി സുബീഷിനെ കസ്റ്റഡിയില്‍വെച്ച് പീഡിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിന്നീടാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ സുബീഷിന്റെ മൊഴി രേഖപ്പെടുത്തിയതില്‍ പറയുന്നത് 90 ശതമാനത്തോളം കാര്യങ്ങളും ഫസല്‍ വധവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ്. ഫസല്‍ വധക്കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് തന്നെ പറയിപ്പിച്ചതാണ് ഇക്കാര്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎസ്പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെ നടപടിവേണമെന്നും സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു.ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.

Content Highlights: cbi report blames police in fazal murder case