കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള കസ്റ്റംസ് വിഭാഗത്തില്‍ സി.ബി.ഐ. റെയ്ഡ്. കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും രേഖകളും കണ്ടെടുത്തു.

കൊച്ചിയില്‍നിന്നെത്തിയ പ്രത്യേക സി.ബി.ഐ. സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃതമായി സൂക്ഷിച്ച മൂന്നുലക്ഷം രൂപയും 623 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്.

നാല് കസ്റ്റംസ് ജീവനക്കാരെ സി.ബി.െഎ. ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ഒരു ജീവനക്കാരന്റെ പോക്കറ്റില്‍നിന്ന് കണക്കില്‍പ്പെടാത്ത 13,000 രൂപ കണ്ടെടുത്തു.

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം കോഴിക്കോട്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45-നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ-കോഴിക്കോട് വിമാനമായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ മൂന്നിന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ തിരിച്ചുവിളിച്ചായിരുന്നു സി.ബി.ഐയുടെ പരിശോധന.

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് സഹായത്തോടെ സ്വര്‍ണക്കടത്ത് നടക്കുന്നതായും യാത്രക്കാരില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നതുമായ പരാതികളെ തുടര്‍ന്നാണ് സി.ബി.ഐ. പരിശോധന നടത്തിയത്. കുറഞ്ഞ ഡ്യൂട്ടി ഈടാക്കി കള്ളക്കടത്ത് സ്വര്‍ണം പുറത്തുകടത്താന്‍ കസ്റ്റംസ് ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നതായാണ് സി.ബി.ഐക്ക് ലഭിച്ച വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്ത സമയത്താണ് ഇത്തരത്തില്‍ കള്ളക്കടത്ത് നടക്കുന്നതെന്നാണ് സി.ബി.ഐ. കരുതുന്നത്.

കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച കോഴിക്കോട് കസ്റ്റംസ്‌ െഡപ്യൂട്ടി കമ്മിഷണറായിരുന്ന ഡോ. എന്‍.എസ്. രാജിയെ മാസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ടുനിന്ന് സ്ഥലംമാറ്റിയിരുന്നു. കള്ളക്കടത്ത് സംഘത്തിന്റെ ഉന്നതതല സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം. ഏഴുമാസം മാത്രമാണ് ഇവരെ കോഴിക്കോട് തുടരാനനുവദിച്ചത്.

ഇതിനുശേഷം കള്ളക്കടത്തുസംഘങ്ങള്‍ക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെയാണ് കോഴിക്കോട്ട് നിയമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. മൂന്നുമാസത്തിനിടെ വന്‍ വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളത്തിലെ കള്ളക്കടത്തില്‍ ഉണ്ടായത്. ഇതും സംശയത്തിന്റെ ആഴം കൂട്ടുന്നു.

2019 ഡിസംബര്‍ മുതല്‍ 2020 ഒക്ടോബര്‍വരെ 77.29 കിലോ സ്വര്‍ണമാണ് കോഴിക്കോട്ട് പിടിച്ചെടുത്തത്. എന്നാല്‍, 2019 ഒക്ടോബര്‍ മുതലുള്ള മൂന്നുമാസത്തിനിടയില്‍ മാത്രം 58.127 കിലോ സ്വര്‍ണമാണ് കോഴിക്കോട്ട് പിടികൂടിയത്. സ്വര്‍ണക്കടത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഇത് കാണിക്കുന്നത്.

സി.ബി.ഐ. പിടിയിലായവര്‍ ആരോപണവിധേയര്‍

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ബി.ഐ. കസ്റ്റഡിയിലുള്ളവര്‍ നേരത്തേതന്നെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍. മുന്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എന്‍.എസ്. രാജി ഇവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര കാര്യാലയത്തിന് കത്തെഴുതിയിരുന്നു.

ഈ ഉദ്യോഗസ്ഥര്‍ എയര്‍ കസ്റ്റംസ് നിയമങ്ങള്‍ക്കു വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരെ വിമാനത്താവളത്തില്‍നിന്ന് അടിയന്തരമായി മാറ്റണമെന്നുമാണ് എന്‍.എസ്. രാജി ആവശ്യപ്പെട്ടത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഉന്നതതല സമ്മര്‍ദത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ കസ്റ്റംസ് കേന്ദ്ര കാര്യാലയം നടപടി സ്വീകരിച്ചില്ല. പകരം രാജിയെ കോഴിക്കോട്ടുനിന്ന് സ്ഥലം മാറ്റുകയായിരുന്നു. ഇതാണ് കള്ളക്കടത്തുസംഘങ്ങളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.

ഡോ. രാജിയെ ഡല്‍ഹിയില്‍ സാമ്പത്തികവിഭാഗത്തില്‍ അണ്ടര്‍ സെക്രട്ടറിയായി സ്ഥലംമാറ്റുകയാണ് ചെയ്തത്. നേരത്തേതന്നെ ഇവരുടെ റിപ്പോര്‍ട്ടില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കോഴിക്കോട് വിമാനത്താവളംവഴിയുള്ള കള്ളക്കടത്തിന് ഒരുപരിധിവരെവരെ തടയിടാന്‍ കഴിയുമായിരുന്നു.

എന്നാല്‍ കള്ളക്കടത്തുസംഘത്തിന്റെ ഉന്നത ബന്ധമാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കോഴിക്കോട്ടുതന്നെ തുടരാന്‍ അനുവദിച്ചതിനു പിന്നിലെന്നാണ് സൂചന.

കസ്റ്റംസ് പയറ്റിയത് ഇരുമുഖ തന്ത്രം

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയത് ഇരുമുഖ തന്ത്രം. ഒരേസമയം കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഒത്താശചെയ്യുകയും ചെറിയ അളവില്‍ കള്ളക്കടത്ത് പിടിച്ച് സല്‍പ്പേര് നിലനിര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണ് കസ്റ്റംസ് നടപ്പാക്കിയതെന്ന് സി.ബി.ഐ. പറയുന്നു.

വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമാക്കാത്തവര്‍ക്കും കസ്റ്റംസ് പിടികൂടുന്ന സ്വര്‍ണത്തിനും 36.05 ശതമാനം വരെയാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനുപുറമെ മൂന്നുശതമാനം വിദ്യാഭ്യാസ സെസ്സും അടയ്ക്കണം. ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിലാണ് വിമാനത്താവളത്തില്‍ കസ്റ്റംസ് വിലപേശല്‍ നടത്തിയതെന്നാണ് സി.ബി.ഐ. പറയുന്നത്. 12.5 ശതമാനം നികുതിയും പത്തുശതമാനം കൈക്കൂലിയുമാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാലും കള്ളക്കടത്ത് സംഘങ്ങള്‍ക്ക് 15 ശതമാനത്തിനുമേല്‍ നികുതി ലാഭിക്കാന്‍ കഴിയും.

ഇതിനുപുറമെ ചെറിയ ശതമാനം മാത്രം പിടിച്ചെടുക്കുകയും വലിയതോതില്‍ സ്വര്‍ണം പുറത്തുകടത്താന്‍ സഹായിക്കുയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.

ഇതിനാല്‍ത്തന്നെ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് സ്വര്‍ണം പിടിച്ചാലും വലിയനഷ്ടം സംഭവിക്കില്ല. കസ്റ്റംസിന്റെ സല്‍പ്പേര് നിലനില്‍ക്കുകയുംചെയ്യും.

Content Highlights: cbi raid in karipur airport