കോഴിക്കോട്: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന സി.ബി.ഐ. നിഗമനത്തിൽ പ്രതികരണവുമായി ബന്ധു പ്രിയ വേണുഗോപാൽ. ഇക്കാര്യത്തെക്കുറിച്ച് സി.ബി.ഐ. ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു നിഗമനത്തിലെത്തിയെന്ന് സി.ബി.ഐ. പറഞ്ഞിട്ടില്ലെന്നുമാണ് തങ്ങൾക്ക് ലഭിച്ച മറുപടിയെന്ന് പ്രിയ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'വാർത്തകളെക്കുറിച്ച് സി.ബി.ഐ. ഉദ്യോഗസ്ഥരെ വിളിച്ചുചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങളല്ലെന്നായിരുന്നു മറുപടി. അതിനാൽ ഇന്നത്തെ റിപ്പോർട്ടുകളിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥർ പറഞ്ഞത് കേസ് അന്വേഷണഘട്ടത്തിലാണെന്നും ഇങ്ങനെയൊരു കാര്യവും പറഞ്ഞിട്ടില്ലെന്നുമാണ്. അതിനാൽ ഇപ്പോൾ സി.ബി.ഐ. ഉദ്യോഗസ്ഥരുടെ വാക്കുകൾ വിശ്വസിക്കുകയാണ്. പക്ഷേ, എല്ലാകാര്യങ്ങളും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കേസിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയോ അതോ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായോ എന്നത് നിരീക്ഷിച്ചിരിക്കുകയാണ്. ഈയൊരു ഘട്ടത്തിൽ ഞങ്ങൾക്ക് അതേ പറ്റുകയുള്ളൂ.

സോബി പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ. ഞങ്ങളോട് പറഞ്ഞിട്ടില്ല. ഇനി സോബി പറഞ്ഞത് കള്ളമാണെങ്കിൽപോലും അത് ഞങ്ങളുടെ വിഷയമല്ല. സോബി എന്ന ദൃക്സാക്ഷിയുടെ മൊഴി മാത്രമല്ല ഞങ്ങളുടെ ചോദ്യങ്ങളിലുള്ളത്. അതിനാൽ അന്വേഷണം എന്തായാലും തുടരണം' - ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാൽ പറഞ്ഞു.

Read Also:കലാഭവൻ സോബി പറഞ്ഞത് കള്ളം; ബാലഭാസ്കറിന്റേത് അപകടമരണമെന്ന നിഗമനത്തിൽ സി.ബി.ഐ....

താൻ പറഞ്ഞത് കള്ളമാണെന്ന റിപ്പോർട്ട് സി.ബി.ഐ. ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ടെന്ന് കലാഭവൻ സോബിയും മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. 'നുണപരിശോധനയുടെ ഏത് ഘട്ടത്തിലാണ് ഞാൻ സഹകരിക്കാത്തതെന്ന് പറയാൻ സി.ബി.ഐ.യെ വെല്ലുവിളിക്കുകയാണ്. എന്റെ മൊഴി കള്ളമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് ഡി.വൈ.എസ്.പി. എന്നോട് പറഞ്ഞത്. എന്നെ അവിശ്വസിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നെ വിശ്വാസമില്ലെങ്കിൽ അക്കാര്യ നേരിട്ട് പറയുമെന്നാണ് ഡി.വൈ.എസ്.പി മറുപടി നൽകിയത്. കേസിന്റെ അന്വേഷണ ചുമതലയുള്ള അനന്തകൃഷ്ണൻ സാറിൽ ഇപ്പോഴും വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കപ്പെടാതെ അന്വേഷണം വിജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കും. ആരു പറഞ്ഞാലും അത് മാറ്റിപറയില്ല'- കലാഭവൻ സോബി പറഞ്ഞു.

Content Highlights:cbi investigation about balabhaskar accident death his relatives and kalabhavan sobys response