ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഏഴുപേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ രാമന്‍ ഗൗതം, സത്യേന്ദര്‍ മിത്തല്‍, പുരുഷോത്തം ഝാ,  ഒഡീഷ ധേന്‍കനാല്‍ സ്വദേശി സുരേന്ദ്രകുമാര്‍ നായിക്, നോയിഡ സ്വദേശി നിശാന്ത് ജെയിന്‍, ഝാന്‍സി സ്വദേശി ജിതേന്ദ്രകുമാര്‍, തിരുപ്പതി സ്വദേശി ടി. മോഹന്‍ കൃഷ്ണ എന്നിവരെയാണ് സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ചയാണ് രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 76 കേന്ദ്രങ്ങളില്‍ സി.ബി.ഐ. വ്യാപക റെയ്ഡ് നടത്തിയത്. ഈ റെയ്ഡിലാണ് ഏഴ് പേരെ പിടികൂടിയത്. വിവിധ വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചവരാണ് പിടിയിലായവരെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. 

സാമൂഹികമാധ്യമങ്ങളിലും മറ്റും കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 50-ലേറെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സി.ബി.ഐ.യ്ക്ക് ലഭിച്ച പ്രാഥമികവിവരം. ഏകദേശം 5000-ലേറെ പേര്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറെപേരും വിദേശികളാണ്. നൂറോളം രാജ്യങ്ങളിലുള്ളവര്‍ ഇത്തരം ഗ്രൂപ്പുകളിലുണ്ടെന്നും ഇവരെ കണ്ടെത്താന്‍ മറ്റു ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. 

Content Highlights: cbi arrested seven from various place for circulating child porn contents