ബെംഗളൂരു: കോവിഡ് ഇല്ലാതാക്കാൻ 21 ആടുകളെ ഗ്രാമദേവതയ്ക്ക് ബലിനൽകാൻ നിർദേശം നൽകിയ ക്ഷേത്ര പൂജാരിയുടെ പേരിൽ പോലീസ് കേസെടുത്തു. ബെലഗാവി അലങ്കനൂർ താലൂക്കിലെ കരിസിദ്ധപ്പ ക്ഷേത്രം പൂജാരി നാഗപ്പ കട്ടികാറിനെതിരേയാണ് പഞ്ചായത്ത് വികസന ഓഫീസറുടെ പരാതിയിൽ കേസെടുത്തത്.

ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള മൃഗബലിക്ക് നിരോധനമുണ്ട്. നിയമം ലംഘിച്ച് മൃഗങ്ങളെ ബലി നൽകാൻ ആഹ്വാനം ചെയ്തതിനും കോവിഡ് മാനദണ്ഡം പാലിക്കാതെ ക്ഷേത്രപരിസരത്ത് ആളുകളെ കൂട്ടംചേരാൻ അനുവദിച്ചതിനുമാണ് കേസ്.

നാലു ദിവസം മുമ്പാണ് പൂജാരി കോവിഡ് ഇല്ലാതാക്കാൻ ആടുകളെ ബലിയർപ്പിക്കാൻ നിർദേശിച്ചത്. 14 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ഗ്രാമീണർ പരിഹാര നിർദേശം തേടി പൂജാരിയെ സമീപിക്കുകയായിരുന്നു.

പൂജാരി ഗ്രാമീണർക്ക് നിർദേശം നൽകുന്ന ദൃശ്യങ്ങൾ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് പഞ്ചായത്ത് വികസന ഓഫീസർ സൗജന്യ പ്രഭാകർ പരാതി നൽകിയത്.

കോവിഡ് വ്യാപനം തീവ്രമായ ജില്ലകളിലൊന്നാണ് ബെലഗാവി. ജനങ്ങൾ ഒത്തുചേരുന്നതിനും ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനും കർശനവിലക്കുകളുമുണ്ട്.

രോഗവ്യാപനം രൂക്ഷമായതോടെ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ കോവിഡിൽനിന്ന് രക്ഷ തേടിയുള്ള പൂജകളും ചടങ്ങുകളും വ്യാപകമാണ്. ഇത്തരം ചടങ്ങുകളിൽ നൂറുകണക്കിനാളുകളാണ് കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പങ്കെടുക്കുന്നത്.

നേരത്തേ മാരാടി ഗ്രാമത്തിൽ രോഗം മാറ്റാൻ ശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്ന കുതിരയുടെ സംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.