ശാസ്താംകോട്ട : അയല്‍വീട്ടിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ പത്തനംതിട്ട ജില്ലാപഞ്ചായത്ത് വനിതാ അംഗത്തിനും കുടുംബത്തിനുമെതിരേ കേസ്. പോരുവഴി കമ്പലടി സോമവിലാസത്ത് വടക്കതില്‍ മാധവിക്കുട്ടിയമ്മയുടെ പരാതിയിലാണ് ശൂരനാട് പോലീസ് കേസെടുത്തത്.

ജില്ലാപഞ്ചായത്ത് അംഗം പോരുവഴി കമ്പലടി അയണിവേലില്‍ വീട്ടില്‍ ശ്രീനാദേവിക്കുഞ്ഞമ്മ, സഹോദരന്‍ ശ്രീനാഥ് ഉണ്ണിത്താന്‍, അച്ഛന്‍ ശശിധരന്‍ ഉണ്ണിത്താന്‍, അമ്മ ഗിരിജാകുമാരി എന്നിവരാണ് പ്രതികള്‍. വീടിനുനേരേ സ്‌ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, വീടിനു കേടുപാട് വരുത്തല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

27-ന് രാത്രി എട്ടരയോടെയാണ് സംഭവം. പ്രതികളുടെ വിടിനു സമീപത്തുനിന്നെറിഞ്ഞ സ്‌ഫോടകവസ്തു ഉഗ്രശബ്ദത്തോടെ പൊട്ടുകായിയിരുന്നെന്ന് മാധവിക്കുട്ടിയമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ നിലവിളിക്കുമ്പോള്‍ പ്രതികള്‍ അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്തു.

സ്‌ഫോടകവസ്തു വീടിനുമേല്‍ പതിച്ച് തീപിടിച്ച് നാശനഷ്ടമുണ്ടായതായും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

അയല്‍ക്കാരായ ഇരുകുടുംബങ്ങളും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ കൂടാതെ സ്‌ഫോടകവസ്തു നിയമപ്രകാരവുമാണ് കേസെടുത്തത്.