തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി എബ്രഹാം (18) ആണ് പിടിയിലായത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് സംശയം. മോഷ്ടിച്ച സാധനങ്ങള്‍ നശിപ്പിച്ചുവെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്

ശനിയാഴ്ച രാത്രി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകളാണ് ഇയാള്‍ അടിച്ച് തകര്‍ത്തത്. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഒരാള്‍ മാത്രമാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പനേരം മാറിനിന്നിരുന്നു.ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകള്‍ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

image
കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്ത നിലയില്‍

Content Highlights: cars damaged and attacked in trivandrum railway station parking area