തിരുവനന്തപുരം: റെയില്‍വേ പാര്‍ക്കിങ് സ്ഥലത്ത് കടന്നുകയറി യുവാവ് അതിക്രമം കാണിച്ചത് സുരക്ഷാ വീഴ്ചയെന്ന് ആരോപണം.

റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സിന്റെ സംരക്ഷണയില്‍ വരുന്ന സ്ഥലമാണിത്. രാത്രി ഇതുവഴി ആര്‍.പി.എഫിന്റെ ബീറ്റ് സംഘം പോകേണ്ടതുമാണ്. ബീറ്റ് പോലീസ് പോയശേഷമാണ് അക്രമമുണ്ടായതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

പാര്‍ക്കിങ് സ്ഥലത്തെ അവസാനയറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് തല്ലിത്തകര്‍ത്തത്. ഇതില്‍ റെയില്‍വേയിലെ ഒരു ജീവനക്കാരന്റെ കാറുമുണ്ടായിരുന്നു. ഇവിടെ പാര്‍ക്കിങ് കരാറുകാരുടെ ജീവനക്കാരും ഉണ്ടായിരുന്നില്ല. ഇവിടത്തെ മിക്ക നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല.

അക്രമി തകര്‍ത്ത കാറുകളുടെ ഉടമകള്‍ക്കുണ്ടായ കനത്ത നഷ്ടം ആരു നികത്തുമെന്നതിനും വ്യക്തതയില്ല. 19 കാറുകളുടെ ചില്ലുകളടക്കമാണ് ഇടിച്ച് പൊട്ടിച്ചത്. ഡാഷ് ബോര്‍ഡുകളും അക്രമി തകര്‍ത്തു. ഈ നഷ്ടം പാര്‍ക്കിങ് കരാറുകാരോ റെയില്‍വേയോ ഏറ്റെടുക്കാനും സാധ്യതയില്ല. തല്ലിത്തകര്‍ത്തതായതിനാല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലഭിക്കാനും നിരവധി നൂലാമാലകളുണ്ട്. പലര്‍ക്കും സ്വന്തം ചെലവില്‍ കേടുപാടുകള്‍ പരിഹരിക്കേണ്ടി വരും.

ശനിയാഴ്ച അര്‍ധരാത്രിയോടെ തമ്പാനൂര്‍ ഫ്‌ലൈ ഓവറിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്താണ് സംഭവം. കാറുകളുടെ ചില്ലുകള്‍ കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിക്കുകയും അകത്തുകടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ തുടങ്ങിയവ വലിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തിലെ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകള്‍ക്കകം പിടിയിലായി. ഇയാള്‍ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ഒരാളാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറില്‍നിന്ന് ഇയാളുടെ പഴ്സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. പഴ്സില്‍ ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ വിവരങ്ങളുമുണ്ടായിരുന്നു. 

ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാറുകള്‍ തകര്‍ത്തസമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോയെന്നത് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഹരികിട്ടാത്ത മാനസികാവസ്ഥയില്‍ പണത്തിനായാണോ അതിക്രമം കാട്ടിയതെന്നും സംശയിക്കുന്നു. തല്ലിത്തകര്‍ത്ത കാറുകളില്‍നിന്ന് മൊബൈല്‍ ചാര്‍ജറുകള്‍, കാര്‍ വാഷ് തുടങ്ങിയവ നഷ്ടമായിട്ടുണ്ട്.