ശ്രീകൃഷ്ണപുരം: തിരൂരങ്ങാടി നഗരസഭയിലെ സി.പി.എം. അംഗവും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. പാലക്കാട് -ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയില്‍ തിരുവാഴിയോട് കനാല്‍പാലത്തിനടുത്തുവെച്ചാണ് വാഹനം തട്ടിയെടുത്തത്.

ചൊവ്വാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. മൂന്ന് മൊബൈല്‍ ഫോണുകളും 30,000 രൂപയും നഷ്ടപ്പെട്ടതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നഗരസഭാംഗം ചെമ്മാട് ചുക്കാന്‍ മേലോട്ടില്‍ മുഹമ്മദാലിയുടെ പേരിലുളളതാണ് കാര്‍. മുഹമ്മദാലിയും (43) കൂട്ടുകാരായ കരിപ്പറമ്പത്ത് വീട്ടില്‍ നിസാറും (35) ചെമ്മലപ്പാറ വീട്ടില്‍ യഹിയാസും (37) ചേര്‍ന്ന് ചെന്നൈയില്‍ ഹോട്ടലും ബേക്കറിയും നടത്തുന്നുണ്ട്. ഇവര്‍ ചെന്നൈയില്‍നിന്ന് തിരൂരങ്ങാടിയിലേക്കു വരികയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 6.40-ന് തിരുവാഴിയോട്ടെത്തിയപ്പോള്‍ ലോറി കാറിനുമുന്നില്‍ റോഡിനു കുറുകയിട്ട് യാത്ര തടസ്സപ്പെടുത്തി. അതേസമയംതന്നെ, തങ്ങളെ പിന്തുടര്‍ന്നുവന്ന മറ്റൊരുകാറിലെത്തിയവര്‍ മാരകായുധങ്ങളുമായി ആക്രമിച്ചെന്നും മഹുമ്മദാലിയും കൂട്ടുകാരും പോലീസിനോട് പറഞ്ഞു. മൂന്നുപേരെയും വലിച്ചിറക്കിയശേഷം കാറുമായി ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് പോയി. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കേസെടുത്ത് അന്വേഷണമാരംഭിച്ചതായി ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷ് പറഞ്ഞു.