അടിമാലി: ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം മിനിറ്റുകൾക്കകം വൈദ്യുതിമന്ത്രിയുടെ വാഹനത്തിലിടിച്ച് നിർത്താതെ കാറോടിച്ചുപോയ പോലീസുദ്യോഗസ്ഥനെതിരേ കേസ്. ഓഫീസർ മദ്യപിച്ചിരുന്നതായി ആക്ഷേപം.

ഞായറാഴ്ച വൈകുന്നേരം ഏഴോടെ ശല്യാംപാറയിലായിരുന്നു സംഭവം. ഇടുക്കിയിൽനിന്ന് കുഞ്ചിത്തണ്ണിക്ക് വരികയായിരുന്നു മന്ത്രി.

മൂന്നാറിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ വരികയായിരുന്നു, മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ.യായ ഓഫീസർ.

ശല്യാംപാറയിലെത്തിയപ്പോൾ കാർ മന്ത്രിയുടെ വാഹനത്തിൽ തട്ടി. ഓഫീസർ കാർ നിർത്താതെ ഓടിച്ചുപോയി. മന്ത്രിയുടെ വാഹനത്തിന് സാരമായ തകരാർ സംഭവിച്ചു.

ഈ ഓഫീസറുടെ കാർ ഒരു ഓട്ടോറിക്ഷയും ഇടിച്ചുതകർത്തിരുന്നു. ഓട്ടോ അടുത്തദിവസം ശരിയാക്കിത്തരാം എന്നുപറഞ്ഞ് 200 മീറ്റർ കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ വാഹനത്തിൽ കാർ തട്ടിയത്.

രാത്രിയിൽത്തന്നെ വെള്ളത്തൂവൽ പോലീസ് ഓഫീസറെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കാൻ വീട്ടിലെത്തിയിരുന്നു. എന്നാൽ, ഓഫീസറെ കണ്ടെത്താനായില്ല. ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് ഓഫീസർക്കെതിരേ കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസുകാരനെതിരേ റിപ്പോർട്ടും നൽകിയിട്ടുണ്ട്.

Content Highlights:car rams into minister's vehicle case registered against police officer