മാവേലിക്കര: പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർയാത്രക്കാരിയായ യുവതിക്കു പരിക്കേറ്റു. പന്തളം കുളനട കുറ്റിയിൽ മഹാലക്ഷ്മി(30)ക്കാണ് പരിക്കേറ്റത്. മാവേലിക്കര മിച്ചൽ ജങ്ഷനു കിഴക്കുവശം നടയ്ക്കാവ് ഭാഗത്തെ വളവിൽ കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു അപകടം.

കുറത്തികാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഈരേഴ വടക്ക് വിഷ്ണുവിഹാറിൽ വിഷ്ണു(31)വാണ് കാർ ഓടിച്ചിരുന്നത്. ജങ്ഷനിൽനിന്നു കിഴക്കോട്ടു പോകുകയായിരുന്ന സ്കൂട്ടറിൽ പിന്നാലെയെത്തിയ കാറിടിക്കുകയായിരുന്നു.

ഇടിച്ചശേഷം മുന്നോട്ടുനീങ്ങിയ കാർ സമീപത്തെ ഇരുമ്പുതൂണിൽ ഇടിച്ചാണു നിന്നത്. സ്കൂട്ടറിൽനിന്നു തെറിച്ചുവീണ മഹാലക്ഷ്മിയെ സ്ഥലത്തെത്തിയ എസ്.ഐ. എസ്. മിനുമോളുടെ നേതൃത്വത്തിൽ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.

കാർ ഓടിച്ചിരുന്ന വിഷ്ണു മദ്യപിച്ചിരുന്നതായി ഡോക്ടർ റിപ്പോർട്ടു നൽകിയിട്ടുണ്ടെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.