പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട രണ്ടാംശാഖയിൽനിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തിച്ചു. ഞായറാഴ്ച രാത്രിയിലാണ് ഇവിടെയെത്തിച്ചത്.

ഇവിടെ പ്രതി ഒളിവിൽ താമസിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ഫെബ്രുവരി 27 മുതൽ വിജീഷ്, െബംഗളൂരുവിലെ ഫ്ളാറ്റിലാണ് ഒളിവിൽ താമസിച്ചിരുന്നത്. ബാങ്കിൽനിന്ന് തട്ടിയെടുത്ത പണം ഓൺലൈൻ ഓഹരിവിപണിയിൽ നിക്ഷേപിച്ചതായാണ് പ്രതി പറയുന്നത്. ഇതുസംബന്ധിച്ച രേഖകൾ കണ്ടെത്തേണ്ടതുണ്ട്. ഡിവൈ.എസ്.പി. ആർ.ഹരിദാസൻ, സി.ഐ. സി.എൽ.സുധീർ, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ െബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിങ് രംഗത്തെ വിദഗ്ദ്ധർ കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ പരിശോധന നടത്തിയേക്കും.

ക്രൈംബ്രാഞ്ച് നിയോഗിച്ച സംഘമാണ് പരിശോധിക്കുന്നത്. പണം വിജീഷ് തട്ടിയെടുത്ത രീതിയും ആരുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയതെന്നും ശാസ്ത്രീയമായി കണ്ടെത്തുന്നതിനാണ് പരിശോധന. വെള്ളിയാഴ്ചയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ ഒൻപത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയത്.

ബാങ്ക് ജീവനക്കാർക്കോ കുടുംബാംഗങ്ങളായ മറ്റാർക്കെങ്കിലുമോ തട്ടിപ്പിൽ പങ്കില്ലെന്നാണ് പോലീസ്പിടിയിലായപ്പോൾ വിജീഷ് നൽകിയ മൊഴി. തട്ടിയെടുത്ത പണം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകളെല്ലാം കാലിയാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. അക്കൗണ്ട് മരവിപ്പിക്കുംമുൻപ് പണം പിൻവലിക്കുകയായിരുന്നു. സ്വന്തം പേരിലുള്ള മൂന്ന് അക്കൗണ്ട്, ഭാര്യയുടെപേരിലുള്ള രണ്ട് അക്കൗണ്ട് എന്നിവകൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് വർഗീസ് വൻതുക നിക്ഷേപിച്ചത്.

6.5 കോടി രൂപ ഇത്തരത്തിൽ മാറ്റിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. എന്നാൽ, ഈ അക്കൗണ്ടുകളിലൊന്നും കാര്യമായ പണം അവശേഷിക്കുന്നില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ബാങ്കിലെ സീനിയർ ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ ദുരുപയോഗംചെയ്താണ് വിജീഷ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതിയെ െബംഗളൂരുവിൽനിന്ന് മേയ് 16-നാണ് പോലീസ് പിടികൂടിയത്. 2002 മുതൽ 2017 ജൂലായ് വരെ ഇന്ത്യൻ നേവിയിൽ പെറ്റി ഓഫീസറായിരുന്നു വിജീഷ്. 2017 സെപ്റ്റംബറിലാണ് ബാങ്കിൽ നിയമനം ലഭിച്ചത്.