പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലെ ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ്, ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകളില്‍നിന്നുള്ളതിനുപുറമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ പണവും തട്ടിയെടുത്തതായി ഓഡിറ്റില്‍ കണ്ടെത്തി. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പ്രകാരം നിക്ഷേപിച്ച തുകയില്‍നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു.

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് നമ്പരും െഎ.എഫ്.എസ്.ഇ. കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് മുഖവിലയ്‌ക്കെടുക്കാതെ പണം മാറ്റിയെടുക്കാനാകുന്നതാണ് സംവിധാനം. ഇടപാടിന് യഥാര്‍ത്ഥ അക്കൗണ്ട് ഉടമയുടെ പേര് ചേര്‍ക്കുന്നു. പിന്നീടുള്ള ഭാഗത്ത് സ്വന്തം അക്കൗണ്ട് നമ്പരോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് നമ്പരോ അനുബന്ധ െഎ.എഫ്.എസ്.ഇ. കോഡോ ചേര്‍ത്തായിരിക്കാം ഇയാള്‍ പണം മാറ്റിയെടുത്തതെന്നാണ് അനുമാനം.

വൗച്ചര്‍ ചെക്കിങ് ഉണ്ടായില്ല

എല്ലാ ബാങ്കുകളിലും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ അതിന് വൗച്ചറുകള്‍ ഉണ്ടാകും. അക്കൗണ്ട് ഉടമയുടെ ഒപ്പില്ലാതെ വൗച്ചര്‍ വന്നപ്പോള്‍ അത് പരിശോധിക്കുകയും ഒപ്പില്ലാത്തതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തിരുന്നെങ്കില്‍ തട്ടിപ്പ് ആദ്യമേ കണ്ടെത്താമായിരുന്നെന്ന് പത്തനംതിട്ട ലീഡ് ബാങ്ക് ചീഫ് മാനേജര്‍ വി.വിജയകുമാരന്‍ പറഞ്ഞു. ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകീട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.

ഫിക്സഡ് ഡെപ്പോസിറ്റിലെ പണം പിന്‍വലിക്കാനെത്തുന്നവരില്‍നിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയര്‍ന്ന തസ്തികയിലുള്ളവരുടെ പാസ്വേഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും ഓഡിറ്റ് വിഭാഗം സംശയിക്കുന്നു.