ചാലക്കുടി: കാനഡയിലേക്ക് ഐ.ഇ.എല്‍.ടി.എസ്. ഇല്ലാതെ ജോലി ശരിയാക്കിനല്‍കാം എന്ന് വാഗ്ദാനംചെയ്ത് രണ്ടുപേരില്‍നിന്ന് 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. ആലപ്പുഴ ചുനക്കര അരാരത്ത് വീട്ടില്‍ ഷിബു ഉമ്മന്‍ (48)ആണ് അറസ്റ്റിലായത്. ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

തട്ടിപ്പിനിരയായവര്‍ രണ്ടുപേരും ചാലക്കുടി സ്വദേശികളാണ്. 2019 ജനുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. പല ഘട്ടങ്ങളിലായി പണം വാങ്ങുകയായിരുന്നു. പരാതിക്കാരുടെ ബന്ധുക്കള്‍ക്ക് വിസ വാഗ്ദാനംചെയ്താണ് പണം കൈപ്പറ്റിയത്. എന്നാല്‍, വിസ നല്‍കിയില്ല. പണം തിരികെ ചോദിച്ചിട്ടും നല്‍കിയില്ല.

തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കി. പ്രതിയെ പിടികൂടാന്‍ പോലീസ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു.

പ്രതിയെ നിരന്തരം നിരീക്ഷണത്തിലാക്കിയശേഷമാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. ഷിബു ഉമ്മന്റെ കൂട്ടാളികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ്, എസ്.ഐ.മാരായ എം.എസ്. ഷാജന്‍, സജി വര്‍ഗീസ് പ്രത്യേകാന്വേഷണസംഘത്തിലെ എസ്.ഐ. ജിനുമോന്‍ തച്ചേത്ത്, എ.എസ്.ഐ.മാരായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, സി.എ. ജോബ്, പി.എം. മൂസ, സീനിയര്‍ സി.പി.ഒ.മാരായ വി.യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.