തിരുവനന്തപുരം: കാനഡയില്‍ ജോലി വാഗ്ദാനംചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത ട്രാവല്‍സ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം റിയാ ട്രാവല്‍ സൊല്യൂഷന്‍സ് ഉടമ, കവടിയാര്‍ ഗോള്‍ഫ് ലിങ്ക്സ് നീലിമ വീട്ടില്‍ മുജീബ് റഹ്മാനെ(43)യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

നെട്ടയം സ്വദേശിനി ശിവലക്ഷ്മിക്ക് കാനഡയില്‍ ജോലി വാഗ്ദാനംചെയ്ത് വിസ നല്‍കാമെന്ന് പറഞ്ഞ് നാലു ലക്ഷം രൂപ ഇയാള്‍ വാങ്ങിയിരുന്നു. പിന്നീട് അവരുടെ പരിചയക്കാരിക്കും ബന്ധുക്കള്‍ക്കും ഫാമിലി വിസ നല്‍കാമെന്നു പറഞ്ഞ് അഞ്ചര ലക്ഷം രൂപയും കൈക്കലാക്കി. ആകെ ഒമ്പതര ലക്ഷം രൂപയും പത്ത് പാസ്പോര്‍ട്ടുകളും ഇവരില്‍നിന്നു വാങ്ങിയിരുന്നു. എന്നാല്‍, വിസ നല്‍കാതെ പണം വാങ്ങി കബളിപ്പിച്ചതോടെ ശിവലക്ഷ്മി പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വിസാ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. നിരവധിപേരെ കബളിപ്പിച്ച് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുള്ള മുജീബ് വലിയ ആഡംബരജീവിതമാണ് നയിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ. ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രശാന്ത്, രതീഷ്, പ്രിയ, എ.എസ്.ഐ. സാദത്ത്, എസ്.സി.പി.ഒ.മാരായ അനില്‍കുമാര്‍, രഞ്ജിത്, പ്രീജ, സി.പി.ഒ.മാരായ ബിനു, രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ഗോള്‍ഫ് ലിങ്ക്സിലെ വീട്ടില്‍ നിന്നും നിരവധി പാസ്പോര്‍ട്ടുകളും രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവ പരിശോധിച്ച് പ്രതി കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.