നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ വിമാന ജീവനക്കാരന്‍ മന്‍ഹാസ് അബുലീസ് സ്വര്‍ണം കടത്തിയിരുന്നത് വിമാന യാത്രക്കാരുമായി ചേര്‍ന്നാണെന്ന് കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘം നിയോഗിക്കുന്ന യാത്രക്കാരന്‍ സ്വര്‍ണവുമായി ഗള്‍ഫില്‍ നിന്ന് വിമാനത്തില്‍ കയറും. തുടര്‍ന്ന് യാത്രക്കാരന്‍ വിമാനത്തിലെ ശൗചാലയത്തില്‍ കയറി സ്വര്‍ണം അവിടെ ഒളിപ്പിക്കും. യാത്രക്കാരന്‍ ശൗചാലയത്തില്‍ നിന്നും ഇറങ്ങി സീറ്റില്‍ വന്നിരുന്നതിനു ശേഷം മന്‍ഹാസ് അബുലീസ് ശൗചാലയത്തില്‍ കയറി സ്വര്‍ണം എടുത്ത് അടിവസ്ത്രത്തില്‍ ഒളിപ്പിക്കും. തുടര്‍ന്ന് ആരും സംശയിക്കാത്ത വിധം സാധാരണ പോലെ ജോലി തുടരും.

സ്വര്‍ണം മിശ്രിതമാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ചാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ ഒളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതെടുത്ത് എളുപ്പത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കാന്‍ മന്‍ഹാസ് അബുലീസിന് കഴിയും. സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീനിയര്‍ കാബിന്‍ ക്രൂവായ മന്‍ഹാസ് അബുലീസ് വെള്ളിയാഴ്ച ഒരുകോടിയില്‍പ്പരം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി നാക്കൂര്‍ മീര ഇസ്മത്തിന്റെ സഹകരണത്തോടെയാണ്.

മന്‍ഹാസ് അബുലീസ് കാബിന്‍ ക്രൂവായ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ റാസല്‍ഖൈമയില്‍ നിന്ന് നാക്കൂര്‍ മീര ഇസ്മത്ത് സ്വര്‍ണവുമായി കയറി. പതിവുപോലെ സ്വര്‍ണം വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചു. ഇത് മന്‍ഹാസ് അബുലീസ് എടുത്ത് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ.) വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതുകൊണ്ടു മാത്രമാണ് ഈ സ്വര്‍ണക്കടത്ത് പിടികൂടാനായത്. പാലക്കാട് സ്വദേശി മന്‍ഹാസ് അബുലീസ് രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴിയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊച്ചി വിമാനത്താവളം വഴി മാത്രം ആറു തവണ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ചെന്നൈ ലോബിക്കു വേണ്ടിയാണ് ഇയാള്‍ സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നതെന്നാണ് വിവരം.

കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിനാണ് കേസിന്റെ തുടര്‍ അന്വേഷണ ചുമതല. പിടിയിലായ മന്‍ഹാസ് അബുലീസിനെയും നാക്കൂര്‍ മീര ഇസ്മത്തിനെയും ശനിയാഴ്ച സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: cabin crew arrested for gold smuggling in kochi