ബെംഗളൂരു: കാറിന്റെ എയര്‍ കണ്ടീഷണര്‍ (എസി) ഓൺ ചെയ്യാൻ വിസമ്മതിച്ചതിനേ തുടര്‍ന്ന് കന്നട നടി സഞ്ജന ഗില്‍റാണി അധിക്ഷേപിച്ചതായി ഡ്രൈവറുടെ പരാതി. കാബ് ഡ്രൈവര്‍ക്കെതിരേ പരാതിയുമായി സഞ്ജന ഗല്‍റാണി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഡ്രൈവറും പരാതിയുമായി എത്തിയത്. എസി ലെവല്‍ വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നും ഡൈവര്‍ അധിക്ഷേപിച്ചെന്നുമാണ് സഞ്ജനയുടെ പരാതി. സംഭവത്തില്‍ സഞ്ജന ഗല്‍റാണിയും ഡ്രൈവറും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. 

കാറിന്റെ എസി ഓണാക്കുന്നത് കര്‍ണാടക സര്‍ക്കാറിന്റെ കോവിഡ് നിബന്ധനകള്‍ക്ക് എതിരാണെന്നിരിക്കെ ഗില്‍റാണി അധിക്ഷേപിച്ചുവെന്നാണ് ഡ്രൈവറുടെ ആരോപണം. കാര്‍ ഡ്രൈവര്‍ ശല്യം ചെയ്തുവെന്നും കോവിഡ് നിബന്ധനകളേക്കുറിച്ച് ഡ്രൈവര്‍ ഒന്നും പറഞ്ഞില്ലെന്നും ഗില്‍റാണി സമൂഹമധ്യമങ്ങളിലൂടെ ആരോപിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. ഡ്രൈവര്‍ക്ക് എതിരേ നടി ആരോപണം ഉന്നയിക്കുന്ന വീഡിയോ വൈറലായിരുന്നു. 

ബാംഗ്ലൂരിലെ ഡൊമ്മലൂറിന് സമീപത്തുനിന്നാണ് സഞ്ജന ഗല്‍റാണി കാറില്‍ കയറുന്നത്. വാഹനത്തിനുള്ളില്‍ പ്രവേശിച്ച അവര്‍ എസി ഓണാക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ കോവിഡ് നിബന്ധനകള്‍ കാരണം താനിതിന് വിസമ്മതിച്ചുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ നടി നിര്‍ബന്ധം തുടര്‍ന്നതിനാല്‍ എസി ഓണാക്കിയ ഞാന്‍ ലവല്‍ ഒന്നില്‍ ഇട്ടുവെന്നും ഡ്രൈവര്‍ പരാതിയില്‍ പറഞ്ഞു. 

എസി ലവല്‍ നാലിലേക്ക് ഉയര്‍ത്തിയ നടി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ഡ്രൈവര്‍ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ കാമ്പയിൻ നടത്തുമെന്നും നടി ഭീഷണിപ്പെടുത്തിയതായും ഡ്രൈവര്‍ പറയുന്നു. വിഷയം കര്‍ണാടക ഡ്രൈവര്‍ ഫെഡറേഷനില്‍ ഉന്നയിച്ചതായും ഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ നാല് ആളുകളുണ്ടായെങ്കിലും എസി വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നാണ് സഞ്ജന പറയുന്നത്. എസി കാറിന്റെ ചാര്‍ജാണ് ഈടാക്കിയത് എന്നും റോഡില്‍ വെച്ച് ഡ്രൈവര്‍ തട്ടിക്കയറിയതായും സഞ്ജന ഗല്‍റാണി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് എല്ലാത്തിനുമുപരി, തനിക്ക് ഒരു കാബ് ഡ്രൈവറെ വെല്ലുവിളിക്കാനാകുമോ? താനൊരിക്കലും അത്രയും തരംതാഴില്ല. മുഴുവന്‍ യാത്രാക്കൂലിയും നല്‍കിയിട്ടും നിരവധി സ്ത്രീകളെ ഡ്രൈവര്‍മാര്‍ അപമാനിക്കുന്നു. അത്തരത്തിലൊരു സ്ത്രീയാകാന്‍ താല്പര്യമില്ല. ഒരു ഉപഭോക്താവെന്ന നിലയില്‍ നല്ല സേവനം തന്റെ അവകാശമാണെന്നും നടി പറഞ്ഞു.

Content Highlights: Bengaluru cab driver files complaint against Kannada actress Sanjjanna Galrani for allegedly abusing him over taxi AC