ന്യൂഡല്‍ഹി: 46-കാരനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ വ്യാപാരിയായ നീരജ് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ഫൈസാല്‍(29) ഇവരുടെ മാതാവ് ഷഹീന്‍ നാസ്(45) ഫൈസാലിന്റെ പ്രതിശ്രുത വരന്‍ സുബേര്‍(28) എന്നിവര്‍ അറസ്റ്റിലായത്. നവംബര്‍ 13-ന് ഫൈസാലിന്റെ വാടക വീട്ടിലാണ് കൊലപാതകം നടന്നതെന്നും സുബേറാണ് ട്രെയിന്‍ യാത്രയ്ക്കിടെ മൃതദേഹം ഗുജറാത്തില്‍ ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു. 

നീരജ് ഗുപ്തയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഫൈസാലുമായി നീരജിന് രഹസ്യബന്ധമുണ്ടായിരുന്നുവെന്നത് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് ഫൈസാലിനെ വിശദമായി ചോദ്യംചെയ്തതോടെ ഇവര്‍ എല്ലാം തുറന്നുപറയുകയായിരുന്നു. 

തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഫൈസാലുമായി കഴിഞ്ഞ 10 വര്‍ഷമായി നീരജ് അടുപ്പത്തിലായിരുന്നു. അടുത്തിടെ മാതാപിതാക്കള്‍ ഫൈസാലിന്റെ വിവാഹം നിശ്ചയിച്ചതോടെ നീരജ് എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവാഹത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ നീരജ് നവംബര്‍ 13-ന് ഫൈസാലിന്റെ വീട്ടിലെത്തി. പ്രതിശ്രുത വരനും മാതാവും വീട്ടിലുണ്ടായിരുന്നു. സുബേറുമായി വഴക്കുണ്ടാക്കിയ നീരജ് ഇയാളെ തള്ളി താഴെയിട്ടു. ഇതിനുപിന്നാലെയാണ് സുബേര്‍ നീരജിനെ ആക്രമിച്ചത്. കല്ല് കൊണ്ട് തലയ്ക്കടിച്ച ശേഷം വയറില്‍ മൂന്ന് തവണ കുത്തിപരിക്കേല്‍പ്പിച്ചു. ശേഷം കഴുത്തറുത്ത് മരണം ഉറപ്പുവരുത്തി. 

സംഭവത്തിന് ശേഷം മൂവരും ചേര്‍ന്നാണ് മൃതദേഹം പെട്ടിയിലാക്കിയത്. റെയില്‍വേ പാന്‍ട്രി ജീവനക്കാരനായ സുബേര്‍ പിന്നീട് ടാക്‌സി കാറില്‍ പെട്ടിയുമായി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെത്തി രാജധാനി എക്‌സ്പ്രസില്‍ യാത്ര തിരിച്ചു. ഗുജറാത്തിലെ ബറൂച്ചില്‍ എത്തിയപ്പോഴാണ് ഇയാള്‍ മൃതദേഹം ഉപേക്ഷിച്ചത്. 

പ്രതികളായ മൂന്ന് പേരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കല്ലും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്തില്‍ ഉപേക്ഷിച്ച മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: businessman killed in delhi his employee her fiancé and her mother arrested