പെരുമ്പാവൂർ: പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയ കേസിൽ അഞ്ച് പേരെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. വല്ലം റയോൺപുരം അമ്പാടൻ ഷംഷാദ് (44), ഇയാളുടെ ബന്ധുക്കളായ അമ്പാടൻ വീട്ടിൽ ഷിയാസ് (43), അമ്പാടൻ വീട്ടിൽ സിയാദ് (35), ഷംഷാദിന്റെ സുഹൃത്തുക്കളായ അല്ലപ്ര തുരുത്തുമാലിൽ സിദ്ദിഖ് (33), തുരുത്തേലിൽ അനൂപ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അജ്മൽ, നവാബ്, അഷ്റഫ്, റയിസൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.

മുടിക്കൽ സ്വദേശി ജമീറിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഷംഷാദും ജമീറിന്റെ സഹോദരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. കാറിലെത്തിയ ഒരു സംഘം ജമീറിനെ തടഞ്ഞുനിർത്തി വല്ലത്തുള്ള ഗോഡൗണിലേക്ക് തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തി മർദിച്ച് കാറിലുണ്ടായിരുന്ന മൂന്നര ലക്ഷം രൂപയും സ്ഥലത്തിന്റെ ആധാരവും കവർന്ന് ബലമായി ചെക്ക് ലീഫിൽ നാലര ലക്ഷം രൂപ എഴുതി ഒപ്പിട്ട് വാങ്ങുകയുമായിരുന്നു.

റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി. വി. രാജീവ്, സബ് ഇൻസ്പെക്ടർമാരായ പി.ബി നഹാദ്, പി.വി. ബൈജു, ബിനോയ് മാത്യു എ.എസ്.ഐ.മാരായ ഇ.ബി. സുനിൽ, ഷിബു ദേവരാജൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:businessman kidnapped in perumbavoor five more accused arrested