ചേര്‍പ്പ്: ബൈക്കിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ വെള്ളാങ്ങല്ലൂര്‍ കോക്കാടന്‍ ഗ്‌ളാഡ്വിനെ(22) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലും വയറ്റിലും പുറത്തുമായി നാല് കുത്തേറ്റു.

ബൈക്കിന്റെയും ആക്രണം നടത്തിയ രണ്ടുപേരുടെയും സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഭുവനേശ്വരി അമ്മ ബസിലെ കണ്ടക്ടറാണ് ഗ്‌ളാഡ്വിന്‍.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെ മാപ്രാണത്ത് വെച്ചാണ് ആദ്യം തര്‍ക്കമുണ്ടായത്.

വൈകീട്ട് അഞ്ചരയോടെ ബസ് തിരിച്ച് വരുന്നതിനിടെ കരുവന്നൂര്‍ ചെറിയപാലം സ്റ്റോപ്പില്‍ വെച്ചായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് വാഹനം തടഞ്ഞ് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.ബസിന് പുറത്തിറങ്ങിയ കണ്ടക്ടറെ അക്രമികളില്‍ ഒരാള്‍ കുത്തുകയായിരുന്നു.

ഡ്രൈവറെ ലക്ഷ്യമിട്ട് അക്രമി ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളും യാത്രക്കാരായ സ്ത്രീകളും തടഞ്ഞു. തുര്‍ന്ന് അക്രമികള്‍ സ്ഥലം വിട്ടു.

പരിക്കേറ്റ കണ്ടക്ടറെ ബസിലാണ് ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചേര്‍പ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.