കൊട്ടിയം(കൊല്ലം): തൃക്കോവില്‍വട്ടം പുതുച്ചിറ പെരുങ്കുളം ഏലായില്‍ ഏലാ തോടിന് സമീപം മധ്യവയസ്‌കന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു. കൊറ്റങ്കര പേരൂര്‍ അംബേദ്കര്‍ കോളനിക്ക് സമീപം കല്ലുവിള പുത്തന്‍വീട്ടില്‍ തങ്ങള്‍കുഞ്ഞ് (57) ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ മൊബൈല്‍ ഫോണും ഒരു കവറും മൃതദേഹത്തിനടുത്ത് ഭാഗികമായി കത്തിയനിലയില്‍ കണ്ടെത്തി. കവറിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖയില്‍നിന്നാണ് മരിച്ചയാളിനെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് രണ്ട് കുട്ടികള്‍ വിശാലമായ ഏലായുടെ ഒറ്റപ്പെട്ട ഭാഗത്ത് മൃതദേഹം കണ്ടത്. കുട്ടികള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല ശ്രീകുമാറിനെയും അവര്‍ കൊട്ടിയം പോലീസിനെയും അറിയിച്ചു.

മൃതദേഹം കണ്ടതിനു സമീപത്തെ മരത്തിന്റെ ചില ഭാഗങ്ങളും കത്തിയനിലയിലാണ്. മരത്തില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചതാകാമെന്നാണ് പോലീസിന്റെ ആദ്യനിഗമനം. സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്.പി. ജോസി ചെറിയാന്‍, എ.സി.പി.മാരായ ജോര്‍ജ് കോശി, നസീര്‍, ഗോപകുമാര്‍, സയന്റിഫിക്-വിരലടയാള വിദഗ്ധര്‍ എന്നിവരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സി.സി.ടി.വി.യില്‍നിന്ന് തീ ആളിക്കത്തുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച മൃതദേഹപരിശോധന നടക്കും. ലോറി ഉടമയും ഡ്രൈവറുമായിരുന്ന തങ്ങള്‍കുഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നാട്ടിലുണ്ടായിരുന്ന സ്വത്തുക്കള്‍ വിറ്റശേഷം ഓടനാവട്ടത്ത് വാടകയ്ക്ക് താമസിച്ച് പലഹാരനിര്‍മാണ ജോലികള്‍ ചെയ്തുവരുകയായിരുന്നു. ഭാര്യ നസീമയും മകള്‍ നിഷയും മരുമകന്‍ നവാസിനൊപ്പം സൗദി അറേബ്യയിലെ അല്‍ ബഹാ എന്ന സ്ഥലത്താണ്. മകന്‍ നൈസല്‍ കണ്ണനല്ലൂര്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനില്‍ ജീവനക്കാരനാണ്.

Content Highlights: burnt body of a man found in kottiyam kollam