തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. റിട്ട. വനംവകുപ്പ് ഡ്രൈവറായ വിന്‍സെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. 

വിളപ്പില്‍ശാലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് വിന്‍സെന്റാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 

വനംവകുപ്പില്‍നിന്ന് ഡ്രൈവറായി വിരമിച്ച വിന്‍സെന്റ് അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് നിഗമനം. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Content Highlights: burnt body found in vilappilshala thiruvananthapuram