തൊടുപുഴ: ഈസ്റ്റ് കലൂരില്‍ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. എഴലൂര്‍ സ്വദേശി ബിജുവിന്റെ മൃതദേഹമാണ് കാവുംപുറം കള്ള് ഷാപ്പിന്റെ പിറകിലായി കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ബുധനാഴ്ച രാവിലെ ഷാപ്പ് തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ബിജുവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 

കഴിഞ്ഞദിവസം മുതല്‍ ബിജുവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. രാവിലെ തൊടുപുഴയിലേക്ക് പോയ ഇയാള്‍ അവിടെ ലോഡ്ജില്‍ മുറിയെടുത്തതായും വൈകിട്ട് ആറ് മണിയോടെ ലോഡ്ജില്‍നിന്ന് ഇറങ്ങിയതായും വിവരം ലഭിച്ചു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഫോണിലും ബന്ധപ്പെടാനായില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ബിജുവിന് കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.  സംഭവം ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. 

Content Highlights: burnt body found in thodupuzha