മുംബൈ: ബുള്ളി ബായ് ആപ്ലിക്കേഷൻ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 21-കാരനായ നീരജ് ബിഷ്ണോയിയാണ് അസമിൽ നിന്ന് ഡൽഹി പോലീസിന്‍റെ പിടിയിലായത്. ഇയാളാണ് ആപ്ലിക്കേഷൻ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ് ബിഷ്ണോയ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.

ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിൽ മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ച വിദ്വേഷ കാമ്പയിൻ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ് വിദ്യാർഥിയേയും മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്. കൂടുതൽ ചോദ്യംചെയ്യലിനായി വിശാൽകുമാറിനെ ജനുവരി 10-വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പോലീസ് പറയുന്നു. ആപ്ലിക്കേഷൻ ഉണ്ടാക്കിയത് നീരജ് ബിഷ്ണോയിയാണെന്നാണ് വിവരം. 

Content Highlights: Bulli Bai app creator Neeraj Bishnoi  arrested from Assam