അടൂര്‍: അരക്കോടി രൂപയുടെ ബി.എസ്.എന്‍.എല്‍. ബ്രോഡ് ബാന്‍ഡ് കേബിള്‍ മോഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാംപ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ(46) അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടും പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. അജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വാദം കേട്ടില്ല.

കല്ലട ഇറിഗേഷന്‍ പദ്ധതി ഭൂമിയില്‍നിന്ന മരങ്ങള്‍ മുറിച്ചുനീക്കിയതിനും അജി ഫിലിപ്പിനെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാവകുപ്പിട്ട് അടൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണത്തിനുപുറമേ പൊതുമുതല്‍ നശീകരണം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേബിള്‍ മോഷണത്തിന് അജി ഫിലിപ്പിന്റെ സഹോദരന്‍ ജിജി ഫിലിപ്പ് ഉള്‍പ്പെടെ മൂന്നുപേരാണ് നേരത്തേ അറസ്റ്റിലായത്.

നാലുതവണയാണ് അജി ഫിലിപ്പും കൂട്ടാളികളും ചേര്‍ന്ന് കേബിള്‍ മോഷ്ടിച്ചത്. ഏപ്രില്‍ 17-ന് തുടങ്ങിയ മോഷണം ജൂണ്‍ 13 വരെ തുടര്‍ന്നു. പറക്കോട് ബി.എസ്.എന്‍.എല്‍. എക്‌സ്‌ചേഞ്ച് പരിധിയില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിന് കരാറെടുത്തിട്ടുള്ള ഇടത്തിട്ട രാഹുല്‍ നിവാസില്‍ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രില്‍മുതല്‍ ഏഴംകുളം എക്‌സ്‌ചേഞ്ച് പരിധിയില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നത് രാഹുലാണ്.

കേബിള്‍ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഇപ്പോള്‍ അറസ്റ്റിലായ പ്രതി ഇതേമേഖലയില്‍ സ്വകാര്യ കേബിള്‍ ടി.വി. നെറ്റ്വര്‍ക്ക് നല്‍കുന്നയാളാണ്. സ്ഥിരമായി കേബിള്‍ മോഷ്ടിച്ചുകടത്തിയതിനാല്‍ സ്‌കൂള്‍ക്കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നഷ്ടമായതില്‍ നാട്ടുകാരിലും പ്രതിഷേധം ശക്തമായിരുന്നു. കാറിലെത്തി കേബിളുകള്‍ മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

പ്രതികള്‍ വലിച്ചെറിഞ്ഞ കേബിളും ഇത് കടത്താനുപയോഗിച്ച കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ നിര്‍ദേശാനുസരണം സി.ഐ. ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ.മാരായ എം.മനീഷ്, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, റോബി എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനുശേഷം റിമാന്‍ഡുചെയ്തു.