കോയമ്പത്തൂര്‍: ഓട്ടിസം ബാധിച്ച പന്ത്രണ്ടുകാരന്റെ മുഖത്ത് ബീഡിക്കുറ്റികൊണ്ടു പൊള്ളിച്ച് അയല്‍ക്കാരുടെ ക്രൂരത. തടയാന്‍ശ്രമിച്ച മാതാപിതാക്കള്‍ക്ക് മര്‍ദനം. കോയമ്പത്തൂരിലെ ആര്‍.എസ്. പുരത്താണ് ഈ ക്രൂരത നടന്നത്. മകന്‍ പുറത്തിറങ്ങുമ്പോഴൊക്കെ അവര്‍ ഉപദ്രവിക്കുന്നതു പതിവാണെന്ന് കുട്ടിയുടെ അമ്മ പെരിയമുത്തു പറഞ്ഞു. 

autismചെരിപ്പുമാല അണിയിക്കുക, സിഗരറ്റുകുറ്റികൊണ്ടു പൊള്ളിക്കുക തുടങ്ങി ശ്വാസംമുട്ടിക്കുന്നതുവരെ ഇക്കൂട്ടത്തില്‍പ്പെടുമെന്ന് അമ്മ പറയുന്നു. ''ഓട്ടിസം ബാധിച്ചതിനാല്‍ അവന് വ്യക്തമായി സംസാരിക്കാനാവില്ല. അതുകൊണ്ട് അയല്‍ക്കാര്‍ അവനെ ഉപദ്രവിക്കുന്നതു പതിവാണ്.

ഒട്ടേറെത്തവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. അവര്‍ ബീഡിക്കുറ്റികൊണ്ട് അവന്റെ മുഖം പൊള്ളിച്ചപ്പോള്‍ ഞങ്ങള്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ ഞങ്ങളെ മര്‍ദിച്ചു.'' -പെരിയമുത്തു ആരോപിച്ചു. അയല്‍ക്കാര്‍ കുട്ടിയെ ഉപദ്രവിക്കുന്നതായിക്കാണിച്ച് മാതാപിതാക്കള്‍ പോലീസിലും ജില്ലാ ഭരണകൂടത്തിലും പരാതിനല്‍കി. 

കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ ടി.എന്‍. ഹരിഹരന്‍ ഉറപ്പുനല്‍കിയതായി അവര്‍ വ്യക്തമാക്കി. പരാതി നല്‍കിയതിനുശേഷം തിരികെവരുന്നവഴി അയല്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ തന്നെ റോഡിലേക്കു തള്ളിയിടാന്‍ ശ്രമിച്ചെന്നും അവര്‍ പറഞ്ഞു.

Content highlights: Police, Coimbatore, Attack, Autism