കൊല്ലം: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനെയാണ് മൂന്ന് പേർ ചേർന്ന് അതിക്രൂരമായി മർദിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാത്തന്നൂർ സ്വദേശികളായ ഷഹനാസ്, സുൽഫി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ചാത്തന്നൂരിലെ സ്വകാര്യ ബസ് ജീവനക്കാരാണ് പ്രസാദും അദ്ദേഹത്തെ മർദിച്ചവരും. മർദിച്ച രണ്ടു പേർ സ്വകാര്യ ബസ് ഉടമകളും ഒരാൾ ജീവനക്കാരനുമാണെന്നാണ് വിവരം. ബസിന്റെ സമയക്രമം സംബന്ധിച്ച് നേരത്തെ തന്നെ ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേത്തുടർന്നാണ് പ്രസാദിനെ മർദിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

സംഭവദിവസം താൻ ജോലിക്ക് പോയിരുന്നില്ലെന്ന് പ്രസാദ് പറയുന്നു. സ്ഥിരമായി ജോലിക്ക് പോയിരുന്ന സ്വകാര്യബസിലെ മറ്റു ജീവനക്കാരും മർദിച്ച ആളുകളുടെ ബസിലെ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് തന്നെ മർദിച്ചതെന്ന് പ്രസാദ് പറയുന്നു.

പരിക്കേറ്റ പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights: Brutal attack in Chathannoor, Kollam; Two in police custody