അഹമ്മദാബാദ്: കൈകളിൽ രാഖി കെട്ടിയ സഹോദരിയെ നിമിഷങ്ങൾക്കുള്ളിൽ ദാരുണമായി കൊലപ്പെടുത്തി യുവാക്കൾ. അഹമ്മദാബാദ് സരിത റെസിഡൻസിയിൽ താമസിക്കുന്ന സൗഖി എന്ന മിര രാമസ്വരൂപാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗഖിയുടെ സഹോദരങ്ങളായ സജീജുൽ ഷെയ്ഖ്, രജൗലി ഷെയ്ഖ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് നാലാം തീയതിയാണ് സഹോദരങ്ങളായ യുവാക്കൾ തങ്ങളുടെ മൂത്ത സഹോദരിയെ കുത്തിക്കൊന്നത്. രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. സഹോദരി കൈകളിൽ രാഖി കെട്ടി ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് ഇരുവരും ചേർന്ന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം സൗഖിയുടെ വീട്ടിലുണ്ടായിരുന്ന ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഞായറാഴ്ചയാണ് ഇവരെ പിടികൂടിയത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തശേഷമാണ് പ്രതികൾ സഹോദരിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. സജീജുൽ ഷെയ്ഖിന്റെ വിവാഹമോചനത്തിന് കാരണം സഹോദരിയാണെന്നാണ് പ്രതികൾ നൽകിയ മൊഴി. വിവാഹമോചനത്തിന് ശേഷം സജീജുലിന് പുതിയ വിവാഹാലോചനകളൊന്നും ശരിയായില്ല. ജ്യേഷ്ഠന്റെ രണ്ടാംവിവാഹം നടക്കാത്തതിനാൽ അനുജനായ രജൗലി ഷെയ്ഖിന്റെ വിവാഹവും നീണ്ടുപോയി. എല്ലാത്തിനും കാരണം സഹോദരിയാണെന്നായിരുന്നു ഇവരുടെ അഭിപ്രായം. ആദ്യഭർത്താവ് മരിച്ച ശേഷം രണ്ടാമത് വിവാഹം കഴിച്ച സഹോദരി സുഖമായി കുടുംബജീവിതം നയിക്കുന്നതും തങ്ങൾ വിവാഹം കഴിക്കാതെ ജീവിക്കുന്നതും പ്രതികളെ ചൊടിപ്പിച്ചു. ഇതിനെത്തുടർന്നാണ് സഹോദരിയെ ഇല്ലാതാക്കാൻ ഇരുവരും തീരുമാനിച്ചത്.

ഓഗസ്റ്റ് രണ്ടിന് പദ്ധതി തയ്യാറാക്കിയ പ്രതികൾ നാലാം തീയതി രക്ഷാബന്ധൻ ആഘോഷത്തിനെന്ന് പറഞ്ഞ് സഹോദരിയുടെ വീട്ടിലെത്തി. സഹോദരങ്ങളുടെ കൈകളിൽ രാഖി കെട്ടിയ സൗഖി ചായ ഉണ്ടാക്കിനൽകുകയും ചെയ്തു. ചായ കുടിച്ചതിന് പിന്നാലെയാണ് പ്രതികൾ സഹോദരിയെ കുത്തിക്കൊന്നത്. ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

Content Highlights:brothers killed their sister after ties rakhi in ahammedabad