പിണറായി(കണ്ണൂർ): കിഴക്കുംഭാഗം തയ്യിൽ മടപ്പുരയ്ക്ക് സമീപം ചിറമ്മലിൽ രാധികാ നിവാസിൽ സുകുമാരൻ (60), സഹോദരൻ രമേശൻ (54) എന്നിവരെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. രമേശൻ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലും സുകുമാരന്റെ മൃതദേഹം കട്ടിലിലുമായിരുന്നു.

മുറിയിൽനിന്ന് ചോര പുരണ്ട കയറും സുകുമാരന്റെ മൃതദേഹത്തിലും വസ്ത്രത്തിലും ചോരക്കറയും കണ്ടെത്തി. മുറിക്കുള്ളിൽ പിടിവലിനടന്നതിന്റെ ലക്ഷണങ്ങളുണ്ട്. സഹോദരങ്ങളിലൊരാൾ കൊല്ലപ്പെട്ടതാണെന്നും മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നുമാണ് പോലീസിന്റെ അനുമാനം.

ഇരുവരും അവിവാഹിതരാണ്. ഒരുമിച്ച് ഒറ്റമുറിയിലാണ് താമസം. മുടങ്ങാതെ ജോലിക്കെത്തുന്ന സുകുമാരൻ രണ്ട് ദിവസമായി ജോലിസ്ഥലത്ത് എത്തിയിരുന്നില്ല. പിണറായിയിലെ ഹോട്ടലിലും ഇവർ ഭക്ഷണത്തിന് പതിവുകാരായിരുന്നു. ജോലിസ്ഥലത്തും നാട്ടിലും ഇരുവരെയും കാണാതായതോടെ ചിലർ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തിരക്കിയെത്തി. ഇതോടെയാണ് വിവരം പുറംലോകമറിയുന്നത്. സുകുമാരന് പിണറായിലെ പലഹാര നിർമാണ കമ്പനിയിലാണ് ജോലി. രമേശൻ തലശ്ശേരിയിലെ അച്ചടി സ്ഥാപനത്തിൽ താത്‌കാലിക ജീവനക്കാരനാണ്.

രമേശൻ രണ്ടു ദിവസം മുന്നേ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ അയൽക്കാരനായ സുഹൃത്തിന്റെ വീട്ടിലെത്തി ഏൽപ്പിച്ചിരുന്നു.

ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, ധർമടം സി.ഐ. ശ്രീജിത്ത് കൊടേരി, എസ്.ഐ. കെ.വി.ഉ മേഷ്, പി.സി. വിനോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. പരേതരായ നാണോത്ത് കൃഷ്ണന്റെയും കല്യാണിയുടെയും മക്കളാണ്. സഹോദരങ്ങൾ: സുജാത, രാധ.

Content Highlights:brothers found dead in their home in pinarayi kannur